മലപ്പുറം കരിപ്പൂരില്‍ കനത്ത മഴയെ തുടര്‍ന്ന് വീട് തകര്‍ന്ന് രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു. റിസ്വാന (8), റിന്‍സാന (7 മാസം) എന്നീ കുഞ്ഞുങ്ങളാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം.
കരിപ്പൂര്‍ മാതംകുളം എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. സമീപത്ത് പണി നടന്നു കൊണ്ടിരുന്ന ഒരു വീടിന്റെ മതില് അടുത്തുള്ള വീടിനു മുകളിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കുഞ്ഞുങ്ങള്‍ മരിച്ചത്. ഇവരുടെ മാതാപിതാക്കള്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. നാട്ടുകാരും ഫയര്‍ഫോഴ്സും എത്തി കുഞ്ഞുങ്ങളുടെ ശരീരം പുറത്തെടുത്ത് മോര്‍ച്ചറിയിലേക്ക് മാറ്റി.
പ്രദേശ വാസികളാണ് ആദ്യം ഇവിടേക്ക് എത്തിയത്. കുട്ടികളും കുട്ടികളുടെ മാതാവുമൊക്കെ മണ്ണിനടിയിലായിരുന്നു. മാതാവിനെ വളരെ കഷ്ടപ്പെട്ടാണ് പുറത്തെത്തിച്ചത്. കുട്ടികളുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.


