മൂവാറ്റുപുഴ : നരസിംഹ സ്വാമി ക്ഷേത്രഭൂമി പള്ളി കമ്മറ്റിക്ക് നൽകാൻ സർക്കാർ ദേവസ്വം ബോർഡിന് ഉത്തരവ് നൽകി എന്ന പേരിൽ പ്രചരിപ്പിക്കുന്ന വ്യാജവാർത്തക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഡി വൈ എഫ് ഐ. സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുക
എന്ന ലക്ഷ്യത്തോടെയുള്ളതാണ് ഇത്തരം പ്രചാരവേലകൾ.
നരസിംഹ സ്വാമി ക്ഷേത്രത്തിനു സമീപമുള്ള മുസ്ലിം മഹല്ല് കമ്മിറ്റി ഇത്തരത്തിൽ ഒരു ആവശ്യം ഒരിടത്തും ആവശ്യപ്പെട്ടിട്ടില്ല. ദേവസ്വം ബോർഡ് ഭൂമികളിൽ വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ദേവസ്വം ഭൂമി ലേലം ചെയ്യുന്നതിന് എടുത്ത തീരുമാനത്തെ സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാനായി ഉപയോഗിക്കുന്ന വർഗീയവാദികളുടെ ലക്ഷ്യം സമൂഹത്തിൽ സംഘർഷം ഉണ്ടാക്കുക എന്നുള്ളതാണ്.
100% അവാസ്തവമായ കാര്യം പ്രചരിപ്പിച്ചുകൊണ്ട് ചില വർഗീയ അജണ്ടകൾ നടപ്പിലാക്കുന്നതിനുള്ള ഈ ഗൂഢനീക്കം പൊതുസമൂഹം തിരിച്ചറിയണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. ഈ പ്രവണതകൾക്ക് നേതൃത്വം നൽകുന്നവരെ കണ്ടെത്തുന്നതിന് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കണമെന്നും, സാമൂഹികസ്പർദ്ധ നടത്താൻ ശ്രമിക്കുന്നവരെ പൊതുസമൂഹം ഒറ്റപ്പെടുത്തണമെന്നും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.