മൂവാറ്റുപുഴ: മൂവാറ്റുപുഴക്കാരുടെ നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പുഴയോര ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള തൂക്കുപാലം ഡിസംബര്‍ 20-ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നു. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ലഭിക്കുന്ന ഈ വികസന സമ്മാനം മൂവാറ്റുപുഴയുടെ ടൂറിസം മേഖലയ്ക്ക് വലിയ ഉണര്‍വ് പകരുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി അറിയിച്ചു.
ആകെ 13 കോടി രൂപ ചെലവഴിച്ചു നടപ്പാക്കുന്ന രണ്ട് ഘട്ട പുഴയോര ടൂറിസം പദ്ധതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതിയിലെ 5 കോടി രൂപ ഉപയോഗിച്ചാണ് തൊടുപുഴയാറിന് കുറുകെയുള്ള ഈ തൂക്കുപാലം നിര്‍മ്മിച്ചിരിക്കുന്നത്.
ഡ്രീംലാന്‍ഡ് പാര്‍ക്കിനെയും പേട്ട ഭാഗത്തെയും ബന്ധിപ്പിക്കുന്ന പാലം, ലതാ പാലത്തിന് സമാന്തരമായിട്ടാണ് ക്രമീകരിച്ചിട്ടുള്ളത്. കച്ചേരിത്താഴം വരെയുള്ള നടപ്പാത, കഫെറ്റീരിയ, വൃദ്ധസദനം പ്രവര്‍ത്തിച്ചിരുന്ന മുറിക്കല്ലില്‍ പുഴയോരത്തിനു സമീപം നഗരസഭ ഗസ്റ്റ് ഹൗസ് എന്നിവയും അടുത്ത ഘട്ടങ്ങളില്‍ പൂര്‍ത്തിയാക്കും. നഗരത്തില്‍ ബോട്ട് ജെട്ടിയും സ്പീഡ് ബോട്ട് സര്‍വീസും ആരംഭിക്കുന്നതിനുള്ള വിശദമായ പദ്ധതിരേഖ (DPR) ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി. ഇതോടൊപ്പം, നാലര ഏക്കറിലധികം വിസ്തൃതിയുള്ള മുനിസിപ്പല്‍ ഡ്രീംലാന്‍ഡ് പാര്‍ക്കിന്റെ നവീകരണവും 50 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തിയായി വരികയാണ്. പ്രകൃതിദത്ത പാറക്കെട്ടുകള്‍, മുളങ്കാടുകള്‍, ചെറുകുന്നുകള്‍ എന്നിവയും വാഹന പാര്‍ക്കിംഗ് സൗകര്യവും നിലനിര്‍ത്തിക്കൊണ്ടാണ് പാര്‍ക്ക് ഒരുക്കുന്നത്. മൂവാറ്റുപുഴയാറിന്റെ മനോഹാരിത ആസ്വദിക്കാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും അവസരമൊരുക്കുന്നതിലൂടെ പ്രാദേശിക വ്യാപാരമേഖലയ്ക്കും ടൂറിസത്തിനും വന്‍ മുന്നേറ്റമുണ്ടാക്കാന്‍ ഈ പദ്ധതിക്ക് സാധിക്കും. മുന്‍ നഗരസഭാ ചെയര്മാന് പി.പി. എല്‍ദോസിന്റെ കാലത്ത് തുടക്കമിട്ട ഈ പദ്ധതി, നിലവിലെ ഭരണസമിതി വിപുലമായ വികസന ആശയങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പൂര്‍ത്തീകരണത്തിലേക്ക് എത്തിച്ചത് എന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു

