മൂവാറ്റുപുഴ: നഗരസഭയിലെ യുഡിഎഫ് കൗൺസിലിന്റെ അവകാശവാദങ്ങൾ തട്ടിപ്പാണെന്ന് സിപിഎം ഏരിയ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. തട്ടിപ്പ് ജനങ്ങൾ തിരിച്ചറിഞ്ഞതോടെ രക്ഷപ്പെടാനാണ് പ്രതിപക്ഷ കൗൺസിലർമാർക്കെതിരെ ചെയർപേഴ്സണും യുഡിഎഫ് നേതാക്കളും കള്ളപ്പരാതി നൽകുന്നതെന്ന് ഏരിയ കമ്മിറ്റി ആരോപിച്ചു. ജനാധിപത്യപരമായി സമരം നടത്തിയ കൗൺസിലർമാർ ചെയർപേഴ്സനെ മർദിച്ചുവെന്നും വനിതാ കൗൺസിലറെ ജാതിപ്പേര് വിളിച്ചെന്നുമുള്ള പരാതി കള്ളമാണെന്നും പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞദിവസം ചെയർപേഴ്സന്റെ ഓഫീസിന് മുന്നിൽ സമരം നടത്തിയ പ്രതിപക്ഷ കൗൺസിലർമാരെ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണിയും യുഡിഎഫ് കൗൺസിലർമാരും കയ്യേറ്റം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അടക്കം പുറത്തുവന്നിട്ടുണ്ട്. പൊലീസിന്റെയും മാധ്യമങ്ങളുടെയും മുന്നിൽ വെച്ചായിരുന്നു ആക്രമണം. കൗൺസിൽ ക്ലർക്കിന്റെ മുറിയിലൂടെ ഓഫീസിൽ പ്രവേശിച്ച ചെയർപേഴ്സണും സംഘവും അതേ വഴി തിരിച്ചു പോകാതെ പൊലീസിനെ വിളിച്ചുവരുത്തി സമരക്കാരെ ചവിട്ടിമെതിച്ച് പുറത്തുപോകുകയായിരുന്നുവെന്ന് സിപിഐഎം ആരോപിച്ചു.
എല്ലാ വാർഡുകൾക്കും അർഹമായ വികസന വിഹിതം നൽകാതെ പ്രതിപക്ഷ വാർഡുകളുടെ തുക തടഞ്ഞുവെച്ചതിൽ പ്രതിഷേധിച്ചാണ് സമരം. ഇത് ആ വാർഡുകളിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഓണാഘോഷത്തിലെ അഴിമതി പുറത്തുകൊണ്ടുവന്നതിന്റെ പ്രതികാരമാണ് ഈ നടപടിയെന്നും പ്രസ്താവനയിൽ പറയുന്നു. ഓണാഘോഷത്തിന്റെ പണപ്പിരിവിന്റെ കണക്കുകളും രസീതുകളും നഗരസഭയിൽ ഇല്ലെന്നാണ് വിവരാവകാശ മറുപടിയിൽ ലഭിച്ചത്. ലക്ഷക്കണക്കിന് രൂപ ഓണാഘോഷത്തിന്റെ പേരിൽ ചെയർപേഴ്സണും കൂട്ടരും മുക്കിയെന്നും ആരോപണമുണ്ട്. ഇത്രയും മോശം ഭരണം നഗരസഭയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും ഭരണസംവിധാനം കുത്തഴിഞ്ഞ് കിടക്കുകയാണെന്നും ബിസിനസ് സാമ്രാജ്യം വിപുലപ്പെടുത്താനാണ് ചെയർപേഴ്സൺ ശ്രമിക്കുന്നതെന്നും ഏരിയ കമ്മിറ്റി കുറ്റപ്പെടുത്തി.

