മൂവാറ്റുപുഴ: മൂവാറ്റുപുഴക്കാരുടെ നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പുഴയോര ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള തൂക്കുപാലം ഡിസംബർ 20-ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നു. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി ലഭിക്കുന്ന ഈ വികസന സമ്മാനം മൂവാറ്റുപുഴയുടെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് പകരുമെന്ന് നഗരസഭാ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി അറിയിച്ചു.
ആകെ 13 കോടി രൂപ ചെലവഴിച്ചു നടപ്പാക്കുന്ന രണ്ട് ഘട്ട പുഴയോര ടൂറിസം പദ്ധതിയിൽ കേന്ദ്രസർക്കാരിന്റെ അമൃത് പദ്ധതിയിലെ 5 കോടി രൂപ ഉപയോഗിച്ചാണ് തൊടുപുഴയാറിന് കുറുകെയുള്ള ഈ തൂക്കുപാലം നിർമ്മിച്ചിരിക്കുന്നത്. ഡ്രീംലാൻഡ് പാർക്കിനെയും പേട്ട ഭാഗത്തെയും ബന്ധിപ്പിക്കുന്ന പാലം, ലതാ പാലത്തിന് സമാന്തരമായിട്ടാണ് ക്രമീകരിച്ചിട്ടുള്ളത്. കച്ചേരിത്താഴം വരെയുള്ള നടപ്പാത, കഫെറ്റീരിയ, വൃദ്ധസദനം പ്രവർത്തിച്ചിരുന്ന മുറിക്കല്ലിൽ പുഴയോരത്തിനു സമീപം നഗരസഭ ഗസ്റ്റ് ഹൗസ് എന്നിവയും അടുത്ത ഘട്ടങ്ങളിൽ പൂർത്തിയാക്കും. നഗരത്തിൽ ബോട്ട് ജെട്ടിയും സ്പീഡ് ബോട്ട് സർവീസും ആരംഭിക്കുന്നതിനുള്ള വിശദമായ പദ്ധതിരേഖ (DPR) ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥിന് സമർപ്പിച്ചിട്ടുണ്ടെന്നും ചെയർപേഴ്സൺ വ്യക്തമാക്കി.
ഇതോടൊപ്പം, നാലര ഏക്കറിലധികം വിസ്തൃതിയുള്ള മുനിസിപ്പൽ ഡ്രീംലാൻഡ് പാർക്കിന്റെ നവീകരണവും 50 ലക്ഷം രൂപ ചെലവിൽ പൂർത്തിയായി വരികയാണ്. പ്രകൃതിദത്ത പാറക്കെട്ടുകൾ, മുളങ്കാടുകൾ, ചെറുകുന്നുകൾ എന്നിവയും വാഹന പാർക്കിംഗ് സൗകര്യവും നിലനിർത്തിക്കൊണ്ടാണ് പാർക്ക് ഒരുക്കുന്നത്. മൂവാറ്റുപുഴയാറിന്റെ മനോഹാരിത ആസ്വദിക്കാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും അവസരമൊരുക്കുന്നതിലൂടെ പ്രാദേശിക വ്യാപാരമേഖലയ്ക്കും ടൂറിസത്തിനും വൻ മുന്നേറ്റമുണ്ടാക്കാൻ ഈ പദ്ധതിക്ക് സാധിക്കും. മുൻ നഗരസഭാ ചെയർമാൻ പി.പി. എൽദോസിന്റെ കാലത്ത് തുടക്കമിട്ട ഈ പദ്ധതി, നിലവിലെ ഭരണസമിതി വിപുലമായ വികസന ആശയങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് പൂർത്തീകരണത്തിലേക്ക് എത്തിച്ചത് എന്ന് ചെയർപേഴ്സൺ പറഞ്ഞു

