പെരുമ്പാവൂര്‍ : കഴിഞ്ഞ ദിവസം കലുങ്കിന്റെ ഭിത്തി തകര്‍ന്ന് അപകടാവസ്ഥയിലായ വല്ലം പഴയ പാലം പുനര്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ പറഞ്ഞു. പ്രദേശവാസികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പം എം.എല്‍.എ പാലം സന്ദര്‍ശിച്ചു. പാലത്തിന്റെ സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ചു. എസ്റ്റിമേറ്റ് തയ്യാറാക്കുന്നത് അവസാന ഘട്ടത്തിലാണ്. ഉടന്‍ തന്നെ പദ്ധതി സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. 3 കോടി രൂപയാണ് പാലം പുനര്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായി വരുന്നത്.
പലത്തിലൂടെയുള്ള വാഹന ഗതാഗതം ഇപ്പോള്‍ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ്. പാലത്തിന്റെ അപകടാവസ്ഥ കണക്കിലെടുത്ത് പൊതുമരാമത്ത് വകുപ്പിനോട് എസ്റ്റിമേറ്റ് തയ്യാറാക്കി നല്കുവാന് മുന്‍പ് നിര്‍ദേശിച്ചിരുന്നു. സംസ്ഥാനത്ത് അപകടാവസ്ഥയിലായ പാലങ്ങള്‍ പുനര്‍ നിര്‍മ്മിക്കുന്ന 168 പാലങ്ങളുടെ പട്ടികയില്‍ റയോണ്‍പുരം പാലത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ മണികണ്ഠന് അപ്പു, അലി കെ.എം, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്.എ മുഹമ്മദ്, എന്‍.എ റഹീം, ഷാജി കുന്നത്താന്‍, പി.എസ് അബുബക്കര്‍, സാബിദ് ടി. ഹബീബ്, എം.ഇ നജീബ്, നിയാസ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ ഷിജി കരുണാകരന്, പിയൂസ് വര്‍ഗീസ്, ദേവകുമാര്‍ എന്നിവര്‍ എം.എല്‍.എയോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു.


