പെരുമ്പാവൂർ : സമൂഹ മാധ്യമങ്ങളിൽ കൂടി അപകീർത്തിപ്പെടുത്തി എന്ന് കാണിച്ചു അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിയമസഭാ സ്പീക്കർക്കും പോലീസ് അധികാരികൾക്കും പരാതി നൽകി.
ഫോൺ കോൾ റെക്കോർഡ് ചെയ്ത് തെറ്റായ രീതിയിൽ വാർത്ത സൃഷ്ടിച്ചു നവമാധ്യമങ്ങളിൽ കൂടി പ്രചരിപ്പിച്ചു അപകീർത്തിപ്പെടുത്തി എന്നതാണ് പരാതിക്ക് ആസ്പദമായ സംഭവം.
അശമന്നൂർ സ്വദേശികളായ ലൈല അബ്ദുൽ ഖാദർ, കെ.എം ഷെമീർ എന്നിവർക്കെതിരെയാണ് പരാതി നൽകിയത്. ഇത് കൂടാതെ വിവധ വാട്ട്സ് അപ് ഗ്രൂപ്പുകളിലും മറ്റും ഇത് പ്രചരിപ്പിച്ചവർക്കെതിരെ നടപടി എടുക്കുവാനും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമസഭാ സ്പീക്കർ, സംസ്ഥാന പൊലീസ് മേധാവി എന്നിവർക്ക് നൽകിയ പരാതിയുടെ പകർപ്പ് ജില്ല പോലീസ് മേധാവി, ഡി.വൈ.എസ്.പി എന്നിവർക്ക് കൂടി നൽകിയിട്ടുണ്ട്. പരാതി സ്വീകരിച്ചതായും തുടർനടപടികൾ സ്വീകരിക്കുമെന്ന് ഡി. വൈ.എസ്.പി അറിയിച്ചതായി എം.എൽ.എ പറഞ്ഞു.
പ്രതികളിൽ ഒരാളായ കെ.എം ഷെമീർ വിദേശത്തായതിനാൽ എംബസിക്ക് ഈ വിഷയം ചൂണ്ടിക്കാട്ടി പരാതി നൽകുമെന്നും എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പറഞ്ഞു.


