തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെയും തൈരിന്റെയും പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ. പാലിന് ലിറ്ററിന് നാല് രൂപയും തൈരിന് കിലോഗ്രാമിന് 10 രൂപയുമാണ് വർധിപ്പിച്ചിരിക്കുന്നത്. പാൽ ഉൽപ്പാദനച്ചെലവ് വലിയ രീതിയിൽ വർധിച്ച സാഹചര്യത്തിൽ, ചേർന്ന മിൽമ ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. വർധിപ്പിച്ച തുകയുടെ 83 ശതമാനത്തിലധികവും നേരിട്ട് ക്ഷീരകർഷകർക്ക് തന്നെ ലഭിക്കുന്ന രീതിയിലാണ് പുതിയ വിലഘടന തയ്യാറാക്കിയിട്ടുള്ളത്.
പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നതോടെ വിവിധയിനം പാൽ കവറുകൾക്ക് ഇന്ന് മുതൽ ഉയർന്ന നിരക്ക് നൽകേണ്ടി വരും. അര ലിറ്ററുള്ള മഞ്ഞ കവറിൽ ലഭിക്കുന്ന പാലിന്റെ വില 25 രൂപയിൽ നിന്ന് 27 രൂപയായി ഉയർന്നു. നീല, ഓറഞ്ച് കവർ പാലിന് അര ലിറ്ററിന് 28 രൂപയിൽ നിന്ന് 30 രൂപയായാണ് വർധിക്കുക. പച്ച കവറിലുള്ള മിൽമ റിച്ച് സ്റ്റാൻഡേർഡ് പാലിന് മൂന്ന് രൂപ വർധിച്ച് പുതിയ വില 32 രൂപയാകും.


