കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. ഇന്ന് വൈകീട്ടോടെയാണ് എഐസിസി ആസ്ഥാനത്തെത്തി ഇരുവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. രണ്‍ദീപ് സുര്‍ജേവാല, കെസി വേണുഗോപാല്‍ എന്നിവരോടൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇരുവരും കോണ്‍ഗ്രസിലേക്ക് എത്തിയതായി അറിയിച്ചത്.
കോണ്‍ഗ്രസ് രക്ഷപ്പെട്ടില്ലെങ്കില്‍ രാജ്യം രക്ഷപ്പെടില്ലെന്നും അതുകൊണ്ടാണ് താന്‍ കോണ്‍ഗ്രസിലേക്ക് എത്തിയതെന്നും കനയ്യ കുമാര്‍ പറയുന്നു. ഭഗത് സിംഗിന്റെ വീര്യവും, ഗാന്ധിയുടെ ഏകതയും, അംബേദ്കരുടെ തുല്യതയും വേണം. ഇവര്‍ മൂവരുടെയും ചിത്രം രാഹുല്‍ ഗാന്ധിക്ക് നല്‍കിയെന്നും കനയ്യ പറയുന്നു. ബിജെപിക്ക് കോണ്‍ഗ്രസ് അല്ലാതെ മറ്റൊരു ബദലില്ലെന്നും കനയ്യ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഗുജറാത്തില്‍ നിന്നും ആരംഭിച്ച ഒരു കഥയില്‍ നിന്നും രാജ്യം അഭൂതപൂര്‍വമായ പ്രതിസന്ധി നേരിടുകയാണെന്ന് ജിഗ്നേഷ് മേവാനി പറഞ്ഞു. എന്ത് ചെയ്തും ജനാധിപത്യത്തെയും ഇന്ത്യയുടെ ആത്മാവിനെയും രക്ഷിക്കേണ്ടത് ഉണ്ടെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിക്കുമെന്നും ജിഗ്നേഷ് മേവാനി അറിയിച്ചു.
അതേസമയം, കനയ്യകുമാറിനെ സിപിഐയില്‍ നിന്ന് പുറത്താക്കിയതായി സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ അറിയിച്ചു. കനയ്യ കുമാര്‍ കമ്മ്യുണിസ്റ്റ് ആശയങ്ങളെയും പാര്‍ട്ടിയേയും ചതിച്ചു വെന്ന് ഡി രാജ പറഞ്ഞു. കനയ്യ കുമാര്‍ വഹിച്ചിരുന്നത് സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗമെന്ന പദവിയായിരുന്നു.
‘കനയ്യ കുമാര്‍ നടത്തിയത് ചതിയാണ്. സംഘപരിവാര്‍ ആക്രമണങ്ങളില്‍ നിന്ന് കനയ്യ കുമാറിനെ സംരക്ഷിച്ചത് സിപിഐയാണ്. വ്യക്തിത്വങ്ങളുടെ തണലിലല്ല പാര്‍ട്ടി.സിപിഐ മുന്നോട്ടു തന്നെയാണ് ‘- ഡി രാജ അറിയിച്ചു.
എന്നാല്‍ പാര്‍ട്ടി വിടുന്നതിനെ കുറിച്ച് കനയ്യ കുമാര്‍ ഒരു സൂചനയും നല്‍കിയില്ല. അഭ്യുഹങ്ങള്‍ ഉണ്ടായിരുന്നു. തനിക്ക് വ്യക്തിപരമായി അറിയാവുന്ന ആളായിരുന്നു കനയ്യ കുമാറെന്നും ഡി രാജ പറഞ്ഞു. കനയ്യ കുമാര്‍ പാര്‍ട്ടിയോട് സത്യസന്ധത കാണിച്ചില്ലെന്നും
ആരും പാര്‍ട്ടിക്ക് മുകളില്‍ അല്ലെന്നും ഡി രാജ പറഞ്ഞു.


