ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കെ സുധാകരന് കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നതായി റിപ്പോര്‍ട്ട്. ലീഗുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയ്ക്ക് ശേഷം പാര്‍ട്ടിക്കകത്ത് തന്നെ സുധാകരനെതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുതിര്‍ന്നവരും യുവാക്കളും ഉള്‍പ്പെടെയുള്ള ഒരു വിഭാഗം അദ്ദേഹത്തെ താഴെയിറക്കാന്‍ ശ്രമിക്കുന്നതായുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നത്.
ഇതേ രീതിയിലാണ് തുടരുന്നതെങ്കില്‍ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുധാകരന് പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി വിമര്‍ശകര്‍ നിശബ്ദപ്രചാരണം നടത്തുന്നുണ്ടെന്നാണ് വിവരം. ‘പാര്‍ട്ടി അധ്യക്ഷനെന്ന നിലയില്‍ സുധാകരന്റെ പരാജയത്തെക്കുറിച്ച് കോണ്‍ഗ്രസില്‍ ചര്‍ച്ച നടക്കുന്നുണ്ടെന്നത് ശരിയാണ്. എന്നാല്‍ ഞങ്ങള്‍ അദ്ദേഹത്തോട് പടിയിറങ്ങാന്‍ ആവശ്യപ്പെടില്ല. തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്’, ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് ദ ന്യൂഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
അദ്ദേഹത്തിന്റെ അനാരോഗ്യം ചൂണ്ടിക്കാണിച്ചും ചിലര്‍ രാജി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വിമര്‍ശകര്‍ക്ക് സുധാകരന് പകരം ഒരു നേതാവിനെ ഉയര്‍ത്തിക്കാണിക്കാന്‍ കഴിഞ്ഞിട്ടില്ല. 74കാരനായ കണ്ണൂരില്‍ നിന്നുള്ള എംപി 2021 ജൂണിലാണ് അധ്യക്ഷപദവി ഏറ്റെടുത്തത്. പ്രതിപക്ഷ നേതാവ് വിഡി സതീശനൊപ്പം പാര്‍ട്ടിയെ സമചിത്തതയോടെ നയിച്ചിരുന്നെങ്കിലും അടുത്തിടെ തുടര്‍ച്ചയായി നടത്തിയ പ്രസ്താവനകള്‍ സുധാകരനെ വിവാദത്തിലാക്കിയിരുന്നു. പാര്‍ട്ടി പുനഃസംഘടനയെന്ന വാഗ്ദാനവും സുധാകരന് പാലിക്കാനായില്ല.
2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നല്ലനിലയില്‍ നിലനിര്‍ത്താന്‍ യുവമുഖം വേണമെന്നാണ് നേതാക്കളുടെ അഭിപ്രായം. അതേസമയം, തനിക്കെതിരായ നീക്കത്തെക്കുറിച്ച് പാര്‍ട്ടി അധ്യക്ഷന്‍ അറിയാമെന്ന് സുധാകരനുമായി അടുപ്പമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ സുധാകരനെതിരെയുള്ള നീക്കത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നേതാവ് എ കെ ആന്റണിയും ശക്തമായി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.


