വ്യാജരേഖ കേസില്‍ തട്ടി എറണാകുളത്ത് മുസ്ലീംലീഗില്‍ രൂപപെട്ട പൊട്ടിതെറി പരസ്യ പോരിലേക്ക്. തനിക്കെതിരെ പാര്‍ട്ടി അന്വേഷണ കമ്മിഷനില്ലെന്ന മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ പ്രസ്ഥാവനക്കെതിരെ ലീഗ് ജില്ല നേതൃത്വം പരസ്യമായി രംഗത്തെത്തി. പാണക്കാട് തങ്ങളാണ് ലീഗിന്റെ അവസാന വാക്ക്. അതിന് മേളിലാണ് താനെന്ന ഇബ്രാഹിംകുഞ്ഞിന്റെ നിലപാട് അംഗീകരിക്കില്ലന്നും നേത്യത്വം വ്യക്തമാക്കി. മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെ തുടര്‍ച്ചയായി ഉയരുന്ന ആക്ഷേപങ്ങള്‍ പാര്‍ട്ടിയെ തളര്‍ത്തുന്നു, തെറ്റ് ചെയ്തോ എന്ന് പാര്‍ട്ടി പരിശോധിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എം പി അബ്ദുല്‍ ഖാദറും ജില്ല പ്രസിഡന്റ് കെ എം അബ്ദുല്‍ മജീദും ഇബ്രാഹിം കുഞ്ഞിനും മകനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്. പൊതു സമൂഹത്തിന് മുന്നില്‍ ഇരുവരുടെയും പ്രവര്‍ത്തനങ്ങള്‍ അപമതിപ്പുണ്ടാക്കുന്നതായി ഇരുവരും പറഞ്ഞു. പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കെതിരെ വ്യാജരേഖ ചമക്കാന്‍ ശ്രമിച്ച സംഭവത്തില്‍ തന്നെയാണ് അന്വേഷണമെന്നും മജീദ് ആവര്‍ത്തിച്ചു. 12 ജില്ലാഭാരവാഹികളൊപ്പിട്ട് നല്കിയ പരാതിയിലാണ് അന്വേഷണം. സംസ്ഥാന പ്രസിഡന്റിനെക്കാളും ദേശിയസെക്രട്ടറിയേക്കാളും മുകളിലാണ് താനെന്ന നിലപാടിലാണ് ഇബ്രാഹിംകുഞ്ഞെന്ന് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എം പി അബ്ദുല്‍ ഖാദര്‍ പറയുന്നു.


