കൊച്ചി:ചേരാനല്ലൂരിൽ നിന്നുള്ള സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന KSRTC പ്രിയദർശിനി ബസിന്റെ ചേരാനല്ലൂർ-കാക്കനാട് സർവീസിന് തുടക്കമായി. ചേരാനല്ലൂർ സെന്റ് മേരീസ് പള്ളിക്ക് മുന്നിൽ നടന്ന ചടങ്ങിൽ എം.പി. ഹൈബി ഈഡൻ ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. ചേരാനല്ലൂരിലെ ജനങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരം കാണുന്നതിനും പ്രദേശത്തെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി എം.എൽ.എ എന്ന നിലയിൽ നടത്തിയ നിരന്തര ഇടപെടലുകളുടെ ഫലമായാണ് പുതിയ സർവീസ് യാഥാർത്ഥ്യമായതെന്ന് ടി.ജെ. വിനോദ് എം.എൽ.എ പറഞ്ഞു.
ചേരാനല്ലൂരിൽ നിന്ന് കാക്കനാട് ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിലേക്ക് കൂടുതൽ സൗകര്യപ്രദമായ യാത്ര സംവിധാനം ഒരുക്കണമെന്നത് പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായിരുന്നു. ഈ ആവശ്യം പരിഗണിച്ച് ബന്ധപ്പെട്ട അധികാരികളുമായി നടത്തിയ ചർച്ചകളുടെയും ഇടപെടലുകളുടെയും തുടർച്ചയായാണ് പുതിയ സർവീസ് ആരംഭിക്കാൻ സാധിച്ചതെന്ന് എം.എൽ.എ കൂട്ടിച്ചേർത്തു. സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി സർവീസ് ചേരാനല്ലൂരിലെ നിരവധി കുടുംബങ്ങൾക്ക് ഏറെ പ്രയോജനകരമാകും. പ്രത്യേകിച്ച് ജോലി, വിദ്യാഭ്യാസം, മറ്റ് ആവശ്യങ്ങൾക്കായി കാക്കനാട് ഉൾപ്പെടെയുള്ള മേഖലകളിലേക്ക് ദിവസേന യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ഈ സർവീസ് വലിയ ആശ്വാസമാകുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി വാര്യത്ത്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്റാ ജേക്കബ്, ചേരാനല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിമ്മി ഫ്രാൻസിസ്, റവ. ഫാ. ഡേവിസ് മാടവന, ആൽബർട്ട് അമ്പലത്തിങ്കൽ, ജിസ്മി ജറാൾഡ്, കെ.ജി. രാജേഷ്, വിൻസി ഡയറീസ്, ഐഷ കരീം, വാർഡ് മെമ്പർമാരായ ജോഷി, രാജു അഴിക്കകത്ത്, സുരേഷ് ബാബു, ജിതിൻ കെ.കെ, ബെന്നി ഫ്രാൻസിസ്, മരിയ ലില്ലി, റോസ്മേരി, സുമ ഷാജൻ തുടങ്ങിയവർ പങ്കെടുത്തു. വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ചേരാനല്ലൂരിന്റെ യാത്രാ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ജനങ്ങൾക്ക് മികച്ചതും കാര്യക്ഷമവുമായ പൊതുഗതാഗത സംവിധാനങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള ഇടപെടലുകൾ തുടരുമെന്ന് ടി.ജെ. വിനോദ് എം.എൽ.എ അറിയിച്ചു.
—

