കൊല്ലം: കരുനാഗപ്പള്ളിയില്‍ സിപിഎം ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു. പകരം ഏഴംഗ അഡ്ഹോക്ക് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഉള്‍പ്പാര്‍ട്ടി വിഭാഗീയത, തെരുവിലേക്കിറങ്ങിയ പരസ്യ പ്രതിഷേധത്തെ തുടര്‍ന്നുമാണ് നടപടി. യെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പറഞ്ഞു. കരുനാഗപ്പള്ളി സമ്മേളനത്തില്‍ ഉണ്ടായത് തെറ്റായ പ്രവണതയാണെന്നും നിലവിലെ കമ്മിറ്റിക്ക് പാര്‍ട്ടിയെ നയിക്കാനാവില്ലെന്നും എംവി ഗോവിന്ദന് പറഞ്ഞു.തെറ്റായ ഒരു പ്രവണതയും പാര്‍ട്ടി വെച്ചുപൊറുപ്പിക്കില്ല, പാര്‍ട്ടിയെ പ്രയാസപ്പെടുത്തിയ ഈ നിലപാട് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധിച്ചവര്‍ക്കെതിരായ നടപടികളില്‍ പരിശോധിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്നും എംവി ഗോവിന്ദന് പറഞ്ഞു. ടി മനോഹരന് കണ്‍വീനറായാണ് പുതിയ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചത്. എസ് എല്‍ സജികുമാര്‍, എസ് ആര് അരുണ്‍ ബാബു, പി വി സത്യദേവന്, എന്‍ സന്തോഷ്, ജി മുരളീധരന്, ബി ഇക്ബാല്‍ എന്നിവര്‍ കമ്മിറ്റിയില്‍ അംഗങ്ങളാണ്.
കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്ക് കീഴിലെ ഭൂരിഭാഗം ലോക്കല്‍ സമ്മേളനങ്ങളും തര്‍ക്കത്തെ തുടര്‍ന്ന് അലങ്കോലപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിലേക്ക് പോയതോടെ ഇന്നലെ നടന്ന കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ സമ്മേളനം കയ്യാങ്കളി വരെയെത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.രാജഗോപാല്‍, കെ.സോമപ്രസാദ് എന്നിവരെ അടക്കം തടഞ്ഞുവെച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.രാജഗോപാല്‍, കെ.സോമപ്രസാദ് എന്നിവരെ അടക്കം തടഞ്ഞുവെച്ചു. സമ്മേളനത്തില്‍ ഔദ്യോഗിക പാനല്‍ തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗം പി ആര് വസന്തന് നേതൃത്വം നല്കുന്ന മാഫിയ കരുനാഗപ്പള്ളിയിലെ പാര്‍ട്ടിയെ തകര്‍ത്തെന്ന് വിമത വിഭാഗം ആരോപിക്കുന്നു.
പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം സൂസന് കോടിക്കൊപ്പമുള്ളവരും പി.ആര്.വസന്തനെ അനുകൂലിക്കുന്നവരുമാണ് വിഭാഗീയതയുടെ രണ്ട് വശങ്ങളിലുള്ളത്. ലോക്കല്‍ കമ്മിറ്റികളില്‍ ഭൂരിഭാഗവും വസന്തന് വിഭാഗത്തിന്റെ കയ്യിലാണ്. കമ്മിറ്റികളിലെ ആധിപത്യം ഉറപ്പിക്കലാണ് തര്‍ക്കങ്ങള്‍ക്ക് അടിസ്ഥാനം. കരുനാഗപ്പള്ളിയില്‍ പലയിടങ്ങളിലും സേവ് സിപിഎം എന്ന പേരില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. വിഭാഗീയതയും പ്രതിഷേധങ്ങളും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് ജില്ലാ നേതൃത്വം വിലയിരുത്തുന്നത്.