മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 142 അടി പിന്നിട്ടതോടെ ഒന്‍പത് സ്പില്‍വേ ഷട്ടറുകളിലൂടെ കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നു.
രണ്ട് ഷട്ടറുകള്‍ കൂടി 60 സെന്റീമീറ്റര്‍ ആയി ഉയര്‍ത്തിയാണ് കൂടുതല്‍ വെള്ളം തുറന്നു വിടുന്നത്. സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുക്കുന്നത് 5962 ഘനയടി വെള്ളമാണ്. 5 ഷട്ടറുകള്‍ 60 സെന്റീമീറ്ററും, 4 ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. തമിഴ്നാട് 2300 ഘനയടി വെള്ളം കൊണ്ടു പോകുന്നുണ്ട്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, ഇടുക്കി, എറണാകളം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 60 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത ഉണ്ട്. മറ്റ് ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്ക് കിഴക്കന്‍ അറബികടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതാണ് മഴയ്ക്ക് കാരണം. വരും മണിക്കൂറുകളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂന മര്‍ദ്ദം രൂപപ്പെടും. ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ കേരളാ തീരത്ത് മീന്‍ പിടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.


