തിരുവനന്തപുരം: ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് തന്റെ സഹായം തേടിയിരുന്നതായി ദല്ലാള്‍ നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍. ലാവ്ലിനുമായി ബന്ധപ്പെട്ട കേസ് 2016-ല്‍ വീണ്ടും കോടതിയില്‍ വന്നപ്പോള്‍ കേസ് ഹൈക്കോടതി ബെഞ്ചില്‍നിന്ന് മാറ്റിവെക്കാനാണ് പിണറായി വിജയന് തന്റെ സഹായം തേടിയതെന്ന എന്ന ഗുരുതര ആരോപണമാണ് ടി.ജി. നന്ദകുമാര്‍ ഉന്നയിച്ചിരിക്കുന്നത്. സ്വകാര്യ ചാനലിന്റെ ചര്‍ച്ചയിലാണ് ദല്ലാളിന്റെ വെളിപ്പെടുത്തല്‍.
ടി.ജി. നന്ദകുമാറിന്റെ മുഖ്യമന്ത്രിക്കെതിരായ ആരോപണം:
2016-ല്‍ മുഖ്യമന്ത്രി പിണറായി വിജയന് നവകേരള യാത്ര നടത്തുമ്പോള്‍ ലാവ്ലിന് കേസ് വീണ്ടും വിഴുങ്ങാന്‍ വന്നപ്പോള്‍ അദ്ദേഹം എന്റെ സഹായം തേടിയ ആളാണ്. ഇല്ലെന്ന് അദ്ദേഹം പറയട്ടെ. എന്നെ അറിയില്ല എന്ന് പറയരുത്. 2013-ല്‍ ലാവ്ലിന് കേസ് ഡിസ്ചാര്‍ജ് ചെയ്തതിനു മേല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ വന്നു. 2016-ല്‍ തിരഞ്ഞെടുപ്പിന് മുമ്പ് അപ്പീല്‍ കേള്‍ക്കാന്‍ തീരുമാനിച്ചു. അതായത്, സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പെറ്റീഷന് ഫയല്‍ ചെയ്തു. തിരഞ്ഞെടുപ്പിന് മുമ്പ് ഹിയറിങ് പോസ്റ്റ് ചെയ്തു. അന്ന് അപ്പീല്‍ ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ചില്‍ വന്നപ്പോള്‍, ജസ്റ്റിസ് ഉബൈദ് അത് കേട്ടാല്‍ അപകടകരമാകുമെന്നും അന്നത്തെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് അസഫലി പ്ലാന്‍ ചെയ്ത ചില സര്‍ക്കാര്‍ പെറ്റീഷനാണ് ഇട്ടേക്കുന്നത് എന്ന് മനസിലാക്കി, ആ കേസ് ആ ബെഞ്ചില്‍ നിന്ന് ഒഴിവാക്കാന്‍ കെ.വി. സോഹന്‍ എന്ന വക്കീലിനെയാണ് പിണറായി വിജയന് കണ്ടെത്തിയത്. എന്നാല്‍, കെ.വി. സോഹന്റെ വക്കാലത്തില്‍ ഒഴിവാക്കപ്പെട്ടില്ലെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാറ്റിക്കൊടുത്തു. ആ സോഹനെ ഒന്നാം എല്‍.ഡി.എഫ്. സര്‍ക്കാര്‍ അറ്റോര്‍ണിയാക്കി. രണ്ടാം എല്‍.ഡി.എഫ്. സര്‍ക്കാര്‍ വന്നപ്പോള്‍ സോഹനെ പറഞ്ഞുവിട്ടു. കാരണം പിണറായി വിജയന്റെ ആവശ്യം കഴിഞ്ഞു. കെ.വി. സോഹനിലേക്ക് എങ്ങനെ കടന്നുകയറാം എന്ന അന്വേഷണത്തിലാണ് എന്നിലേക്ക് എത്തിയത്.
എം.കെ. ദാമോദരന്‍ എന്ന മഹാനായ അഭിഭാഷകന് പിണറായി വിജയന് ഉണ്ടായിട്ടും ഞങ്ങളുടെ കോമണ്‍ സുഹൃത്തായ, മരിച്ചു പോയ സ്കറിയാ തോമസിന്റെ ഫോണില്‍ നിന്ന് എന്നോട് വിളിച്ച് സംസാരിച്ച് ഞങ്ങള്‍ സൗഹാര്‍ദ്ദത്തിലെത്തി. തിരഞ്ഞെടുപ്പ് കഴിഞ്ഞ് പിണറായി മുഖ്യമന്ത്രിയായി. ഞാന്‍ പിന്നീട് ആ വഴിക്ക് പോയിട്ടില്ല. അദ്ദേഹം പറഞ്ഞല്ലോ, ശിവന്റെ കൂടെ പാപി ചേര്‍ന്നാല്‍ ശിവനും പാപിയാകും എന്ന്. ഞാന്‍ ഒരു മഹാപാപി ആയതുകൊണ്ടാകാം അദ്ദേഹം എന്നെ ബന്ധപ്പെട്ടത്. എന്നെ അറിയുമെന്നും അദ്ദേഹം വ്യക്തമായി പറഞ്ഞു, ഏത് അടിസ്ഥാനത്തിലാണ് എന്ന് അദ്ദേഹം പറഞ്ഞില്ല.
ഇ.പി. ജയരാജനെതിരായ ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രന്റെ ആരോപണങ്ങള്‍ നന്ദകുമാര്‍ തള്ളി. ജയരാജനോട് താനുമായി കൂട്ടുകൂടരുതെന്ന് പാര്‍ട്ടി നിര്‍ദേശം നല്കി. എന്നാല്‍, താനുമായി അദ്ദേഹം കുറച്ചുകാലമായി ഒരു സൗഹാര്‍ദ്ദവും പുലര്‍ത്തിയിരുന്നില്ലെന്നും നന്ദകുമാര്‍ പറഞ്ഞു.
ജാവഡേക്കറും ജയരാജനും താനും ചേര്‍ന്ന യോഗത്തിനുശേഷം ഇ.പിയുമായി നേരിട്ട്, യാദൃശ്ചികമായി കണ്ടുമുട്ടിയത് ഒന്നോ രണ്ടോ പ്രാവശ്യം മാത്രമാണ്. അതിനുശേഷം കൂടിക്കാഴ്ചയോ ഫോണ്‍ കോളുകളോ ഉണ്ടായിട്ടില്ല. ജയരാജനാണ് ബി.ജെ.പിയിലേക്ക് പോകാന്‍ ശ്രമിച്ചതെന്ന് സുധാകരന് പറഞ്ഞപ്പോള്‍ ഞാന്‍ അദ്ദേഹത്തെ (ഇ.പി. ജയരാജനെ) വിളിച്ചു. ഇത് അസംബന്ധമാണ് പറയുന്നത്. ശോഭയും സുധാകരനും നടത്തുന്ന നാടകമാണ്. നമ്മള് നടന്ന കാര്യം പറയണം, പറഞ്ഞില്ലെങ്കില്‍ അബദ്ധത്തിലാകുമെന്ന് താന്‍ ജയരാജനോട് പറഞ്ഞെന്നും നന്ദകുമാര്‍ പറഞ്ഞു. ജയരാജന്റെ സമ്മതത്തോടെയാണ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് താന്‍ പുറത്തുപറഞ്ഞതെന്നും ടി.ജി. നന്ദകുമാര്‍ പറഞ്ഞു.