തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ശുപാർശ പ്രകാരം മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. അഴിമതി നിരോധന നിയമപ്രകാരം നടപടിയെടുക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പൊലീസ് മേധാവിക്ക് (ഡിജിപി) നിർദേശം നൽകി. മുഖ്യമന്ത്രിയുമായി ആഭ്യന്തരമന്ത്രി നടത്തിയ ഉന്നതതല കൂടിക്കാഴ്ചയ്ക്കു ശേഷമാണ് നിർണായക തീരുമാനം.
സിഎംആർഎൽ കമ്പനിയിൽനിന്ന് മകൾ വീണ ടി. വഴി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ കൈക്കൂലി വാങ്ങിയെന്നും, ഇതുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ട് ഇ.ഡി സംസ്ഥാന പൊലീസ് മേധാവിക്ക് കത്തു നൽകിയിരുന്നു. പിണറായി വിജയൻ, വീണ ടി., മുഹമ്മദ് റിയാസ് എന്നിവരെ പ്രതി ചേർക്കണമെന്നായിരുന്നു ആവശ്യം. ഡിജിപി ഈ കത്ത് സർക്കാരിനു കൈമാറിയതിനെത്തുടർന്ന് അഡ്വക്കേറ്റ് ജനറലിൽനിന്ന് (എ.ജി) നിയമോപദേശം തേടി. ഇ.ഡിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണമോ എഫ്.ഐ.ആറോ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിൽ നിയമതടസ്സമില്ലെന്ന് എ.ജി നിർദേശം നൽകിയതോടെയാണ് സർക്കാർ അന്വേഷണത്തിലേക്ക് കടന്നത്.

ആദ്യഘട്ടത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതിന് മുന്നോടിയായി പ്രാഥമിക അന്വേഷണമാകും (Preliminary Enquiry) നടക്കുക. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (PMLA) ഇ.ഡി നടത്തിയ അന്വേഷണത്തിൽ വീണയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എക്സാലോജിക് കമ്പനി വഴി പണം കൈപ്പറ്റിയതിന് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര ഏജൻസിയുടെ വാദം. അനധികൃതമായി ലഭിച്ച തുക ഹവാല ഇടപാടുകൾ വഴി വിദേശത്തേക്കു കടത്തിയെന്നും കണ്ടെത്തലുണ്ട്. ഇതിൽ വീണയുടെ കൈപ്പടയിലുള്ള ചില രേഖകളും ഇ.ഡി പിടിച്ചെടുത്തിരുന്നു. മുഹമ്മദ് റിയാസ് സുഹൃത്തുക്കൾ വഴി ഹവാല ഇടപാടുകൾ നടത്താൻ സഹായം നൽകിയെന്നും ഇ.ഡി ആരോപിക്കുന്നു.
സംസ്ഥാന പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതോടെ, നിലവിലെ നിയമപ്രകാരം തുടർനടപടികളുമായി മുന്നോട്ടുപോകാൻ ഇ.ഡിക്കും സാധിക്കും.

