കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം നിര്‍ദ്ദേശിച്ച നേതാക്കളെ ഒതുക്കി ഹൈക്കമാന്റ് നീക്കം. രാജ്യസഭയിലേയും ലോക്സഭയിലേയും തീരുമാനങ്ങളെടുക്കുന്ന സമിതികളില്‍ ഔദ്യോഗിക നേതൃത്വവുമായി ചേര്‍ന്ന് നില്‍ക്കുന്നവരെ ഉള്‍പ്പെടുത്തിയാണ് പുതിയ നീക്കം. ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരെ സമിതികളില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ മനീഷ് തിവാരി, ശശി തരൂര്‍ എന്നിവരെ തഴഞ്ഞ് ഗൗരവ് ഗൊഗോയിയെ ലോക്സഭാ കക്ഷി ഉപനേതാവാക്കി.
മുഴുവന്‍ സമയ നേതൃത്വം വേണമെന്നാവശ്യപ്പെട്ടുള്ള കത്തില്‍ നിലപാട് പരസ്യമാക്കി നേതാക്കള്‍ രംഗത്തുവരുന്നതിന് പിന്നാലെയാണ് പാര്‍ലമെന്റില്‍ പാര്‍ട്ടി നീക്കങ്ങള്‍ക്ക് കരുത്ത് പകരാന്‍ പത്തംഗ സമിതിയെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നിയോഗിച്ചത്. തിരുത്തല്‍ വാദത്തിന് നേതൃത്വം നല്കിയ ഗുലാംനബി ആസാദിനെയും ആനന്ദ് ശര്‍മയേയും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സോണിയ വിശ്വസ്തര്‍ക്കാണ് സമിതിയില്‍ മേല്‍ക്കൈ. അഹമ്മദ് പട്ടേല്‍, ജയ്റാം രമേശ്, കെ.സി വേണുഗോപാല്‍ എന്നിവരും രാജ്യസഭാ സമിതിയില്‍ ഇടംപിടിച്ചു.
മുതിര്‍ന്ന നേതാക്കളായ മനീഷ് തിവാരിയേയും ശശി തരൂരിനേയും തഴഞ്ഞാണ് ഗൗരവ് ഗോഗോയിയെ ലോക്സഭാ കക്ഷി ഉപനേതാവാക്കിയത്. രവനീത് ബിട്ടുവാണ് ലോക്സഭാ ചീഫ് വിപ്പ്. നെഹ്റു കുടുംബ വിശ്വസ്തനായ ജയറാം രമേശിനെ രാജ്യസഭാ ചീഫ് വിപ്പായും നിയോഗിച്ചു. കത്ത് എഴുതിയതിനെ എതിര്‍ത്തും ന്യായികരിച്ചും ഹൈക്കമാന്റിനെഴുതിയ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയതിനെ കുറിച്ചും എല്ലാം ചൂടേറിയ വാദ പ്രതിവാദങ്ങളാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍ ഉയര്‍ന്നു വന്നത്. കോണ്‍ഗ്രസ് നേതൃത്വത്തെ പ്രത്യേകിച്ചും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ വിമര്‍ശിക്കുന്ന മുതിര്‍ന്ന നേതാക്കള്‍ അവരുടെ നിലപാടുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഹൈക്കമാന്റ് നടപടികള്‍.
സോണിയ ഗാന്ധി മുന്നോട്ടു പോകാം എന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ വിവാദങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് ശശി തരൂര്‍ ഇന്നലെ അറിയിച്ചിരുന്നു. ഹൈക്കമാന്റിനോട് ഏറ്റുമുട്ടാനില്ല എന്ന സൂചനയാണ് തരൂര്‍ നല്‍കിയതെങ്കിലും കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ തരൂരിനെ ലക്ഷ്യമിട്ട് മുന്നേറുകയാണ്.
അതേസമയം കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് നല്കിയ വിവാദ കത്തില്‍ വിശദീകരണവുമായി കപില്‍ സിബല്‍ വീണ്ടും രംഗത്തുവന്നു. പാര്‍ട്ടിയില്‍ 24 മണിക്കൂറും പ്രവര്‍ത്തനനിരതനായ അധ്യക്ഷന്‍ അനിവാര്യമാണ്. പാര്‍ട്ടിയെ പുനഃരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് കത്ത് എഴുതിയതെന്നും അദ്ദേഹം പറഞ്ഞു. സംഘടനാ തിരഞ്ഞെടുപ്പ് ഉണ്ടായില്ലെങ്കില്‍ അടുത്ത 50 വര്‍ഷവും കോണ്‍ഗ്രസ് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്ന് ഗുലാംനബി ആസാദ് ആവര്‍ത്തിച്ചു.


