മൂവാറ്റുപുഴ: ലക്ഷങ്ങള് മുടക്കി നഗരത്തില് പ്രതിമ സ്ഥാപിക്കാതെ ജനറല് ആശുപത്രിയില് നഗരസഭ ചികിത്സാ സൗകര്യം ഒരുക്കണമെന്ന് എല്ഡിഎഫ് കൗണ്സിലര്മാര് ആവശ്യപ്പെട്ടു. എന്നാല് ബുധനാഴ്ച ചേര്ന്ന കൗണ്സില് യോഗത്തില് പ്രതിപക്ഷ കൗണ്സിലര്മാരുടെ എതിര്പ്പ് അവഗണിച്ച് പ്രതിമ സ്ഥാപിക്കുന്നതിന് യുഡിഎഫ് കൗണ്സില് തീരുമാനമെടുക്കുകയായിരുന്നു. നഗരത്തില് ഇന്ദിരാഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുവാനുള്ള മൂവാറ്റുപുഴ നഗരസഭയിലെ യുഡിഎഫ് കൗണ്സിലിന്റെ തീരുമാനം പുനഃ പരിശോധിക്കണമെന്ന് എല്ഡിഎഫ് അംഗങ്ങള് കൗണ്സില് യോഗത്തില് ആവശ്യപ്പെട്ടു. നഗരസഭയില് നാടിന്റെ വികസനപദ്ധതികളല്ല യുഡിഎഫ് കൗണ്സില് നടപ്പാക്കുന്നത്.വന് തുക തട്ടിയെടുക്കാനുള്ള പദ്ധതികളാണ് നടപ്പാക്കുന്നത് എന്ന് എല്ഡിഎഫ് അംഗങ്ങള് ആരോപിച്ചു. ഇത് ജനങ്ങള് തിരിച്ചറിയണം. ജനക്ഷേമ പ്രവര്ത്തനങ്ങള് നടപ്പാക്കാന് നഗരസഭ തയ്യാറാകണമെന്നും എല്ഡിഎഫ് അംഗങ്ങള് ആവശ്യപ്പെട്ടു.

