മൂവാറ്റപുഴയെ ജില്ലയാക്കുന്നതിനെക്കുറിച്ച് ഗൗരവകരമായി പരിശോധിക്കുമെന്നും സര്‍ക്കാര്‍ ഡീ ലിമിറ്റേഷന്‍ കമ്മീഷനെ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്. മൂവാറ്റുപുഴ നഗരസഭയുടെ ത്രിവേണി ഓണാഘോഷം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്വന്തം ജില്ലയില്‍ നിന്ന് മൂവാറ്റുപുഴ വേര്‍പെട്ട് പോകുന്നതില്‍ വിഷമമുണ്ടെങ്കിലും ഡീ ലിമിറ്റേഷന്‍ കമ്മീഷനില്‍ ഇക്കാര്യം പരിഗണിക്കുമെന്നും മൂവാറ്റുപുഴക്കാരുടെ എല്ലാ വിഷമങ്ങള്‍ക്കും പരിഹാരം കാണുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്കി.
പ്രതിസന്ധികള്‍ ഉണ്ടെങ്കിലും ഓണാഘോഷത്തില്‍ സര്‍ക്കാര്‍ ഒരു കുറവും വരുത്തിയിട്ടില്ല. ഇതുവരെയുള്ള കുടിശികകളെല്ലാം വിതരണം ചെയ്തുകൊണ്ടിരിക്കുകയാണ്. സാധാരണക്കാര്‍ക്കും, പണം കിട്ടാതെ മാസങ്ങളായി കാത്തിരിക്കുന്നവര്‍ക്കും, കുടിശ്ശിക കാത്തിരിക്കുന്നവര്‍ക്കും ആവശ്യമായ പണം കൊടുക്കുന്നു. കേരളത്തില്‍ സമീപകാലത്തൊന്നും ഇല്ലാത്ത വിധത്തില്‍ എല്ലാ സപ്ലൈകോയുടെ ഓണം ഫെയറുകളിലും സബ്സിഡി ഉള്ള 13 നിത്യോപയോഗ സാധനങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് വിപണിയില്‍ വിലക്കയറ്റം ഉണ്ടാകാത്തത്. രണ്ട് മാസം മുമ്പേ കൃത്യമായി ആസൂത്രണം ചെയ്തു. നല്ല രീതിയില്‍ കൃത്യമായി പാക്ക് ചെയ്ത്, വില കുറച്ചാണ് സാധനങ്ങള്‍ ലഭ്യമാക്കുന്നത്. കേരളത്തില്‍ ഇതുവരെ ഇല്ലാത്ത റെക്കോര്‍ഡ് വില്‍പ്പനയും നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കാര്‍ഷിക സമൂഹമായിരുന്നതിനാല്‍ ഓണം യഥാര്‍ത്ഥത്തില്‍ കൊയ്ത്ത് ഉത്സവം കൂടിയാണ്. ജാതി മത വര്‍ഗ വര്‍ണ ചിന്തകള്‍ക്കപ്പുറത്താണ് നമ്മള് ഓണം ആഘോഷിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മാത്യു കുഴല്നാടന് എം എല്‍ എ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഡീന്‍ കുര്യക്കോസ് എം പി മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ മൂവാറ്റുപുഴ നഗരസഭാ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി, നഗരസഭ വൈസ് ചെയര്മാന് പി എം അബ്ദുല്‍ സലാം, മുന്‍ എം എല്‍ എമാരായ ജോസഫ് വാഴക്കന്, ജോണി നെല്ലൂര്‍, സാബു ജോണ്‍, സുഭാഷ് കടക്കോട്, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ പി പി എല്‍ദോസ്, കെ എ അബ്ദുല്‍ സലാം, അബ്ദുല്‍ മജീദ് തുടങ്ങിയവര്‍ പങ്കെടുത്തു. മാധ്യമരംഗത്ത് 59 വര്‍ഷം പൂര്‍ത്തിയാക്കിയ അബ്ദുല്‍ മജീദിനെയും മുന്‍ നഗരസഭ ചെയര്‍പേഴ്സണ്‍മാരെയും ചടങ്ങില്‍ ആദരിച്ചു.

