ഓണക്കാലത്തെ ചെലവുകള്‍ക്കായി പണം കണ്ടെത്തുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ബോണ്ട് ലേലത്തിലൂടെ 2,200 കോടി രൂപ കൂടി സമാഹരിക്കാനൊരുങ്ങുന്നു. ചൊവ്വാഴ്ച നടക്കുന്ന കടപ്പത്ര ലേലത്തിലൂടെയാണ് ഈ തുക സമാഹരിക്കുന്നത്. ഇതോടെ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള സംസ്ഥാനത്തിന്റെ ആകെ കടമെടുപ്പ് 14,400 കോടി രൂപയായി ഉയരും. ശമ്പളം, പെന്ഷന്, ക്ഷേമ പെന്ഷന് വിതരണം, ബോണസ്, മറ്റ് ഉത്സവകാല ആനുകൂല്യങ്ങള്‍ എന്നിവയ്ക്കായി ഓണക്കാലത്ത് മാത്രം ഏകദേശം പതിനായിരം കോടി രൂപയുടെ വലിയ സാമ്പത്തിക ബാധ്യതയാണ് സര്‍ക്കാരിനുള്ളത്. ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 23,000 കോടി രൂപ കടമെടുക്കാന്‍ കേന്ദ്രം സര്‍ക്കാരിന് അനുമതി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4,500 രൂപ ഓണം ബോണസും, ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 3,000 രൂപ ഉത്സവബത്തയും ലഭിക്കും. കൂടാതെ, മുന്‍വര്‍ഷത്തിന് സമാനമായി പരമാവധി 20,000 രൂപ വരെ തിരിച്ചടയ്ക്കേണ്ട അഡ്വാന്‍സായും ലഭിക്കും. ഓണം പ്രമാണിച്ച് ഈ ആനുകൂല്യങ്ങളെല്ലാം ഈ മാസം 17-ാം തീയതിക്ക് മുമ്പായി വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

