സിപിഐഎം സമ്മേളനങ്ങള്‍ നടക്കുന്നത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചെന്ന് കോടിയേരി ബാലകൃഷ്ണന്. കാറ്റഗറി നിശ്ചയിക്കുന്നത് സര്‍ക്കാരാണ്. സി പി ഐ എം അഭിപ്രായം പറഞ്ഞിട്ടില്ല. കൊവിഡ് ബാധിക്കുന്നത് സിപിഐഎം ക്കാര്‍ക്ക് മാത്രമല്ല. മമ്മൂട്ടിക്ക് കൊവിഡ് വന്നത് ഏത് സമ്മേളനത്തില്‍ പങ്കെടുത്തിട്ടാണെന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്ത് കൊവിഡ് അതിവ്യാപനത്തിനിടെ സിപിഐഎം ജില്ലാ സമ്മേളനങ്ങള്‍ നടത്തുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന് എംപിയും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്ത് വന്നിരുന്നു. യാതൊരു കൊവിഡ് പ്രോട്ടോക്കോളും പാലിക്കാതെയാണ് സമ്മേളനങ്ങള്‍ നടത്തുന്നതെന്നും കൊവിഡ് പടരുന്ന സാഹചര്യത്തില്‍ സമ്മേളനങ്ങള്‍ നിര്‍ത്തിവെക്കാന്‍ സിപിഎം തയാറാകണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയത് സിപിഎമ്മിനെ സഹായിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ആരോപിച്ചു. പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം തൃശൂരും കാസര്‍ഗോഡും കര്‍ശന നിയന്ത്രണങ്ങളില്‍ നിന്ന് പുറത്തായി. ഇവിടെ സിപിഎം സമ്മേളനം നടക്കുന്നതിനാലാണ് ഈ നടപടി. ടിപിആര്‍ അനുസരിച്ച് തൃശൂരും കാസര്‍കോടും കര്‍ശന നിയന്ത്രണം വേണ്ട ജില്ലകളാണ്.
പാര്‍ട്ടി സമ്മേളനം നടത്താന്‍ വേണ്ടി നിയന്ത്രണം മാറ്റിയത് അപഹാസ്യമായിപ്പോയി. കൊവിഡ് ബാധ കൂടാനുള്ള കാരണമായി സിപിഎം സമ്മേളനങ്ങള്‍ മാറി. ഈ സമ്മേളനങ്ങളിലൂടെ നൂറുകണക്കിനാളുകള്‍ രോഗബാധിതരായി. നേതാക്കള്‍ വിവിധ ജില്ലകളിലെത്തി രോഗം പടര്‍ത്തി. ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം ലഭിക്കുന്നത് എകെജി സെന്ററില്‍ നിന്നാണെന്നും വി ഡി സതീശന് വിമര്‍ശിച്ചു.


