2019ലെ ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ നടന്ന അക്രമത്തില്‍ കേസെടുക്കുന്നതില്‍ നിന്ന് പൊലീസിനെ തടഞ്ഞത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷെന്ന് ഗവര്‍ണര്‍. വേദിയില്‍ നിന്നും ഇറങ്ങിവന്നാണ് രാഗേഷ് പൊലീസിനെ തടഞ്ഞതെന്നും തനിക്കെതിരെ നടന്നത് സ്വഭാവിക പ്രതിഷേധമല്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.
ചരിത്ര കോണ്‍ഗ്രസില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിശദീകരിച്ചു. തന്റെ നേര്‍ക്ക് ആളുകള്‍ വന്നപ്പോള്‍ തടഞ്ഞത് നിലവില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെകെ രാഗേഷാണെന്ന് ഗവര്‍ണര്‍ ആരോപിച്ചു. വേദിയില്‍ നിന്നും ഇറങ്ങി വന്നാണ് കെകെ രാഗേഷ് പൊലീസിനെ തടഞ്ഞത്. സെക്ഷന്‍ 124 പ്രകാരം ഗവര്‍ണറെ തടഞ്ഞാല്‍ സ്വമേധയാ കേസെടുക്കണം. ഏഴ് വര്‍ഷവും തടവുമാണ് ശിക്ഷ. നൂറ് കണക്കിന് പൊലീസുകാരുടെ സാന്നിധ്യത്തിലാണ് കണ്ണൂരിലെ സംഭവം നടന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.
‘തടുക്കാനെത്തിയ പൊലീസിനെ തടഞ്ഞത് വൈസ് ചാന്‍സലറാണ്. ആളുകള്‍ എന്റെ അടുത്തേക്ക് എത്തുന്നത് തടഞ്ഞ പൊലീസുകാരെ അഭിനന്ദിക്കുന്നു. എന്നാല്‍ പൊലീസ് ‘ആക്ട്’ ചെയ്യാതെ തടഞ്ഞത് ഇന്നത്തെ സര്‍ക്കാരിന്റെ ഭാഗമായിടുള്ള ഉന്നതനാണ്, സംഭവം റിപ്പോര്‍ട്ട് ചെയ്തില്ലായെന്ന് പറഞ്ഞവരോട് എനിക്ക് സഹതാപമാണ്.’ വീഡിയോ പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ ഗവര്‍ണര്‍ ആരോപിച്ചു.
പ്രസംഗിക്കാന്‍ മൂന്ന് മിനിറ്റ് മാത്രം അനുവദിച്ച് ചരിത്രകാരന് ഇന്‍ഫാന്‍ ഹബീബ് 35 മിനുറ്റില്‍ കൂടുതല്‍ സംസാരിച്ചു. 95 മിനുട്ടിലേറെ സമയം തന്നെ വേദിയിലിരുത്തി. ചരിത്ര കോണ്‍ഗ്രസില്‍ നിശ്ചയിച്ച സമയക്രമം സംഘാടകന്‍ തെറ്റിച്ചെന്നും ഗവര്‍ണര്‍ ആരോപിക്കുന്നു. ഇര്ഫാന് ഹബീബ് ചരിത്രമല്ല സംസാരിച്ചത്. സിഎഎയെക്കുറിച്ചും, കേന്ദ്രസര്ക്കാരിനെക്കുറിച്ചുമാണ് സംസാരിച്ചത്. ഓരോ പരാമര്‍ശം നടത്തുമ്പോഴും വിമര്‍ശനം ഉയര്‍ത്തുമ്പോഴും എന്നെ നോക്കുന്നുണ്ടായിരുന്നു.


