ആലുവ : രാജ്യാന്തര മയക്ക് മരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോൾ (29) നെയാണ് ബംഗലൂരു മടിവാളയിൽ നിന്ന് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ബംഗലൂരു മൈക്കോ പോലീസിന്റെ സഹകരണത്തോടെയാണ് അറസ്റ്റ്. കഴിഞ്ഞ മാസം 200 ഗ്രാം എം.ഡി.എം.എ യുമായി വിപിൻ എന്നയാളെ അങ്കമാലിയിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബംഗലൂരൂവിൽ നിന്ന് ടൂറിസ്റ്റ് ബസിൽ രാസലഹരി കടത്തുന്നതിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്. അതിന്റെ തുടരന്വേഷണമാണ് കോംഗോ സ്വദേശിയിലേയ്ക്കെത്തിയത്.
മയക്കുമരുന്ന് സംഘങ്ങൾക്കിടയിൽ ക്യാപ്റ്റൻ എന്നറിയപ്പെടുന്ന ഇയാൾ 2014 ൽ ആണ് സ്റ്റുഡൻറ് വിസയിൽ ബംഗലൂരുവിലെത്തിയത്. പഠിക്കാൻ പോകാതെ മയക്കുമരുന്ന് വിപണനത്തിലേക്ക് തിരിഞ്ഞു, രാസലഹരി നിർമ്മിക്കാനും തുടങ്ങി. ഈ നിർമ്മാണത്തെ കുക്ക് എന്ന പേരിലാണ് അറിയപ്പെടുന്നത്. കേരളത്തിലേക്കെത്തുന്ന രാസലഹരിയിൽ ഭൂരിഭാഗവും ഇയാളുടെ സംഘം വഴിയാണെന്നാണ് കരുതുന്നത്. കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നാണ് സംഘം വിൽപന നടത്തിയിട്ടുള്ളത്. ഫോൺ വഴി ഇയാളെ ബന്ധപ്പെടാൻ സാധിക്കില്ല. ഗൂഗിൾ പേ വഴി തുക അയച്ചു കൊടുത്താൽ .മയക്കുമരുന്ന് ആളില്ലാത്ത സ്ഥലത്ത് കൊണ്ടു വയ്ക്കും. തുടർന്ന് ലൊക്കേഷൻ മാപ്പ് അയച്ചു കൊടുക്കും. അവിടെപ്പോയി ശേഖരിക്കണം. ഇതാണ് ഇയാളുടെ രീതി.
ദിവസങ്ങളോളം പലയിടങ്ങളിൽ രാപ്പകൽ തമ്പടിച്ചാണ് പ്രതിയെ നിരീക്ഷണ വലയത്തിലാക്കി ബംഗലൂരു പോലീസിന്റെ സഹായത്തോടെ കസ്റ്റഡിലാക്കായത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ഡി.വൈ.എസ്.പി എ.പ്രസാദ്, എ.എസ്.പി ട്രെയിനി അഞ്ജലി ഭാവന, ഇൻസ്പെക്ടർ പി.ലാൽ കുമാർ, എസ്.ഐ എൻ.എസ്.റോയി, സീനിയർ സി പി ഒ മാരായ എം.ആർ.മിഥുൻ, കെ.ആർ മഹേഷ്, സി പി ഒ മാരായ അജിതാ തിലകൻ, എബി സുരേന്ദ്രൻ, ഡാൻസാഫ് ടീം തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഓപ്പറേഷൻ ക്ലീനിന്റെ ഭാഗമായി കഴിഞ്ഞ 6 മാസത്തിനുള്ളിൽ 745 എൻ.ഡി.പി.എസ് കേസുകളാണ് റൂറൽ ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.