ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ വിജയ്യുടെ തമിഴക വെട്രി കഴകത്തിന് (ടിവികെ) സർക്കാർ രൂപീകരിക്കാൻ അനുമതി നൽകാത്ത ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കറുടെ നടപടിക്കെതിരെ രാഷ്ട്രീയ ഭേദമന്യേ പ്രതിഷേധം ഉയരുന്നു. വിജയ്യെ പിന്തുണച്ച് ഡിഎംകെ, വിസികെ , സിപിഐ, കമൽഹാസന്റെ എംഎൻഎം തുടങ്ങിയ പാർട്ടികൾ രംഗത്തെത്തി.
തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയെങ്കിലും ഭൂരിപക്ഷത്തിന് വേണ്ട 118 സീറ്റുകൾ തികയ്ക്കാൻ സാധിച്ചിട്ടില്ല. കോൺഗ്രസ് കൂടി പിന്തുണച്ചതോടെ ടിവികെയെ പിന്തുണക്കുന്നവരുടെ എണ്ണം 113 ആയി. ഭൂരിപക്ഷത്തിന് 5 പേരുടെ കൂടി പിന്തുണ വേണം. പിന്തുണക്കുന്ന 118 എംഎൽഎമാരുടെ ഒപ്പുമായി വന്നാൽ സർക്കാരുണ്ടാക്കാൻ ക്ഷണിക്കാമെന്നാണ് ഗവർണറുടെ നിലപാട്. എന്നാൽ, നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകണമെന്നാണ് വിജയ്യും മറ്റ് പാർട്ടികളും ആവശ്യപ്പെടുന്നത്.


