മുഖ്യമന്ത്രിക്കെതിരെ വീണ്ടും തുറന്ന പോരിനൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മുഖ്യമന്ത്രി പിണറായി വിജയനെതിരായ തെളിവുകള്‍ കൈയ്യിലുണ്ടെന്നും അത് നാളെ പുറത്തുവിടുമെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയെ ഓര്‍ത്ത് സഹതാപം തോന്നുന്നു. കണ്ണൂര്‍ സംഭവത്തില്‍ കേസെടുക്കാതിരുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം ആണ്. തന്നെ ആക്രമിച്ച ദൃശ്യങ്ങള്‍ നാളെ പുറത്തുവിടും. ഗവര്‍ണക്കെതിരെ ആക്രമണം നടക്കുമ്പോള്‍ പരാതി കിട്ടിയിട്ട് വേണോ സര്‍ക്കാരിന് അന്വേഷിക്കാനെന്നും ഗവര്‍ണര്‍ ചോദിച്ചു.
2019 ല്‍ കണ്ണൂര്‍ സര്‍വ്വകാലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിലെ സംഭവവുമായി ബന്ധപ്പെട്ടാണ് ആരോപണം പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ അന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ നടന്ന ആക്രമണത്തില്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറാകാത്തത് മുഖ്യമന്ത്രിയുടെ ഇടപെടല്‍ മൂലമെന്നാണ് ഇപ്പോള്‍ ഗവര്‍ണറുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നല്കിയ കത്തുകളാണ് പുറത്തു വിടുകയെന്നും ഗവര്‍ണര്‍ മാധ്യമങ്ങള്‍ക്ക് മുന്‍പാകെ പറഞ്ഞു. അതേസമയം സര്‍വകലാശാല പ്രവര്‍ത്തനത്തില്‍ ഇടപെടില്ലെന്ന് അറിയിച്ച ഉറപ്പുകള്‍ സര്‍ക്കാര്‍ ലംഘിച്ചെന്നും മുഖ്യമന്ത്രിയുടെ രീതിയെ ഓര്‍ത്ത് സഹതാപം തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗവര്‍ണര്‍ ഓഫീസ് പരാതി നല്‍കിയോ എന്ന എം വി ഗോവിന്ദന്റെ ചോദ്യം. സിപിഎം സെക്രട്ടറിക്ക് നിയമം അറിയില്ലെ എന്നായിരുന്നു ഗവര്‍ണറുടെ മറുപടി. ഇത് സ്വമേധയാ എടുക്കേണ്ട കേസ് ആണെന്നും ഗവര്‍ണര്‍ പറഞ്ഞു
സര്‍വകലാശാല വിഷയങ്ങളില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തും നാളെ പുറത്തു വിടുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് ആജീവനാന്ത പെന്ഷന് നല്‍കുകയാണ്. മറ്റേത് നാട്ടിലാണ് ഇത് നക്കുക. ഇത് ജനത്തെ കൊള്ളയടിക്കലാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.


