തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജ് മൈതാനത്ത് കായിക വകുപ്പ് സിന്തറ്റിക് ഹോക്കി ടര്‍ഫ് നിര്‍മ്മിക്കും. ഹോക്കി ടര്ഫിന് 6.35 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. കഴിഞ്ഞ വര്‍ഷം ജൂണില്‍ മൈതാനം സന്ദര്‍ശിച്ച കായിക മന്ത്രി വി അബ്ദുറഹിമാന് സിന്തറ്റിക് ടര്‍ഫ് അനുവദിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. കായിക വകുപ്പിന്റെ തനതുഫണ്ട് ഉപയോഗിച്ചാണ് പ്രവൃത്തി നടത്തുക. സാങ്കേതിക അനുമതിക്ക് ലഭിക്കുന്ന മുറയ്ക്ക് രണ്ടു മാസത്തിനകം നിര്‍മ്മാണം തുടങ്ങും. മഹാരാജാസില്‍ നേരത്തേ ഉണ്ടായിരുന്ന ഹോക്കി മൈതാനം സമീപത്തെ ചില നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കളിക്കാന്‍ യോഗ്യമല്ലാതായിരുന്നു. ഇതേ സ്ഥലത്താണ് സിന്തറ്റിക് ടര്‍ഫ് നിര്‍മ്മിക്കുക. ഇതിനൊപ്പം സിന്തറ്റിക് ടര്‍ഫ് നനയ്ക്കാന്‍ കുഴല്‍ക്കിണര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഒരുക്കും.
മദ്ധ്യ കേരളത്തിലെ ആദ്യ സിന്തറ്റിക് ഹോക്കി ടര്ഫായിരിക്കും ഇത്. നിലവില്‍ കൊല്ലം നഗരത്തിലും തിരുവനന്തപുരം ജി വി രാജ സ്പോട്സ് സ്കൂളിലും മാത്രമാണ് സിന്തറ്റിക് ഹോക്കി ടര്ഫുള്ളത്. കിഫ്ബി സഹായത്തോടെ തിരുവനന്തപുരം മേനംകുളത്ത് നിര്‍മ്മിക്കുന്ന 70 കോടിയുടെ കായികസമുച്ചയത്തിലും നിര്‍മ്മാണം പുരോഗമിക്കുന്ന തൃശൂര്‍ ലാലൂരിലെ ഐ എം വിജയന് സ്റ്റേഡിയത്തിലും സിന്തറ്റിക്ഹോക്കി ടര്‍ഫ് ഒരുക്കുന്നുണ്ട്. ഒളിമ്പിക്സില്‍ മെഡല്‍ നേടിയ പി ആര് ശ്രീജേഷിനെ പോലെ കൂടുതല്‍ മികച്ച താരങ്ങള്‍ കേരളത്തില്‍ നിന്ന് ഉയര്‍ന്നുവരാന്‍ പുതിയ ഹോക്കി ടര്‍ഫുകള്‍ വഴിയൊരുക്കും. ഒപ്പം വലിയ ഹോക്കി ടൂര്‍ണമെന്റുകള്‍ക്ക് വേദിയാകാന്‍ കേരളത്തിന് സാധിക്കുകയും ചെയ്യും.