മണ്ഡല – മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി എ.കെ സുധീര്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപങ്ങള്‍ തെളിയിക്കും. നാളെ പുലര്‍ച്ചെ മുതലാണ് ക്ഷേത്രത്തിലേക്ക് ഭക്തര്‍ക്ക് പ്രവേശനം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തീര്‍ത്ഥാടനം നടത്തുന്നതിനുള്ള ഒരുങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് അധികൃതരും സര്‍ക്കാരും അറിയിച്ചു. കലിയുഗവരദനായ ശബരിമല ശ്രീധര്‍മ്മ ശാസ്താവിന്റെ പൂങ്കാവനം ഇനി ശരണമന്ത്രങ്ങളാല്‍ നിറയും. കോവിഡ് പ്രതിസന്ധികളെ അതിജീവിച്ച് തീര്‍ത്ഥാടനം മുന്നോട്ട് കൊണ്ട് പോവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ അനിശ്ചിത്വങ്ങള്‍ അവസാനിപ്പിച്ച് ഭക്തര്‍ക്ക് ഇനി മലകയറാം.
ഇന്ന് വൈകിട്ട് അഞ്ചിന് ക്ഷേത്രനട തുറന്ന് മേല്‍ശാന്തി എ.കെ സുധീര്‍ നമ്പൂതിരി ശ്രീകോവിലില്‍ ദീപങ്ങള്‍ തെളിയിക്കുന്നതോടെയാവും ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിന് തുടക്കമാവുക. തുടര്‍ന്ന് തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്വകാര്മികത്വത്തില് ഉപദേവതാ ക്ഷേത്രങ്ങളിലും പതിനെട്ടാംപടിയിലും വിളക്ക് തെളിയിക്കും. നടതുറപ്പ് ദിവസമായ ഇന്ന് വിശേഷാല്‍ പൂജകളൊന്നുമില്ലെങ്കിലും നിയുക്ത ശബരിമല മേല്‍ശാന്തി വി.കെ ജയാരാജ് പോറ്റിയുടെയും മാളികപ്പുറം മേല്‍ശാന്തി എന്‍. രജികുമാറിന്റെയും അഭിഷേക – അവരോധിക്കല്‍ ചടങ്ങുകള്‍ വൈകിട്ട് നടക്കും.
ഇരുമുടികെട്ടുമായി പതിനെട്ടാം പടി കടന്നെത്തുന്ന പുതിയ മേല്‍ശാന്തിമാരെ നിലവിലെ മേല്‍ശാന്തി ശ്രീകോവിലിന് മുന്നിലേക്ക് ആനയിക്കും. പിന്നീട് ആചാരപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി അഭിഷേക അവരോധിക്കല്‍ ചടങ്ങുകള്‍ നടത്തും. നിലവിലെ മേല്‍ശാന്തി എ.കെ സുധീര്‍ നമ്പൂതിരി ഒരു വര്‍ഷത്തെ കര്‍ത്തവ്യം പൂര്‍ത്തിയാക്കി ഇന്ന് രാത്രി തന്നെ അയ്യപ്പനോട് യാത്ര പറഞ്ഞ് മലയിറങ്ങും. പുറപ്പെടാ ശാന്തിമാരായ പുതിയ മേല്‍ശാന്തിമാരുടെ നേതൃത്വത്തിലാവും വൃശ്ചികം ഒന്നായ നാളെ നട തുറന്ന് തീര്‍ത്ഥാടനം ആരംഭിക്കുക. നിയന്ത്രണങ്ങള്‍ പാലിച്ച് കോവിഡ് നെഗറ്റീവ് സര്ട്ടിഫിക്കറ്റുമായെത്തുന്ന ഭക്തര്‍ക്ക് പുലര്‍ച്ച മുതലാവും ക്ഷേത്രത്തിലേക്ക് പ്രവേശനം.
നാളെ മുതല്‍ ഡിസംബര്‍ 26വരെയാണ് മണ്ഡല ഉത്സവകാലം. ഡിസംബര്‍ 30ന് മകരവിളക്ക് ഉത്സവത്തിനായി നടതുറക്കും. 2021 ജനുവരി 14ന് മകരവിളക്ക് മഹോത്സവവരെ 65 ദിവസം നീണ്ടു നില്‍ക്കുന്നതാണ് തീര്‍ത്ഥാടനം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വെര്‍ച്ച്യല്‍ ക്യൂവഴിയിയെത്തുന്ന ഭക്തര്‍ക്ക് നിലക്കലിലും മറ്റ് ഇടതാവളങ്ങളിലും കോവിഡ് പരിശോധനക്കും വിശ്രമത്തിനും സൗകര്യമുണ്ട്. തുലാമാസ പൂജക്ക് സമാനമായി രീതിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടുള്ള തീര്‍ത്ഥാടന ഒരുങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് അധികൃതരും സര്‍ക്കാരും അറിയിച്ചു.


