കോണ്‍ഗ്രസില്‍ നിന്നുംരാജിവച്ച കെപി അനില്‍കുമാര്‍ ഇനി സിപിമ്മില്‍. ഉച്ചക്ക് 12 മണിക്ക് എകെജി സെന്ററില്‍ എത്തിയ അനിലിനെ കൊടിയേരി ബാലകൃഷണന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
ഉപാധികളൊന്നുമില്ലാതെ ജനപക്ഷത്ത് നിന്നുകൊണ്ട് മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതിനായാണ് സിപിഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് കെ പി അനില്‍കുമാര്‍ പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തുന്നില്ല. അന്തസോടെ ആത്മാഭിമാനത്തോടെ പൊതുപ്രവര്‍ത്തനം തുടരുമെന്ന് കെപി അനില്‍കുമാര്‍ പറഞ്ഞു.
അനില്‍കുമാറിന് അര്‍ഹമായ പരിഗണന സിപിഎം നല്‍കുമെന്നും അദ്ദേഹത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നെന്നും കോടിയേരി പറഞ്ഞു. പുതിയ നേതൃത്വം സ്ഥാനമേറ്റെടുത്തപ്പോള്‍ പറഞ്ഞത് കോണ്‍ഗ്രസില്‍ നിന്ന് ഒരാളും വിട്ടുപോകില്ലെന്നാണ്. എന്നാല്‍ അതിന് ശേഷം കോണ്‍ഗ്രസിനകത്ത് ഉരുള്‍പ്പൊട്ടലാണ് നടക്കുന്നത്. അതിന്റെ ഭാഗമായാണ് കെപിസിസിയുടെ സംഘടനാ സെക്രട്ടറി തന്നെ രാജിവച്ചതെന്ന് കോടിയേരി പറഞ്ഞു. ഞങ്ങള്‍ സന്തോഷപൂര്‍വം സ്വാഗതം ചെയ്യുന്നു.
കോണ്‍ഗ്രസില്‍ നടക്കുന്ന നയപരമായ പ്രശ്നങ്ങള്‍ ഉയര്‍ത്തിയാണ് ഇവര്‍ രാജിവച്ചത്. കോണ്‍ഗ്രസിലെ ഏകാധിപത്യപ്രവണത, മതനിരപേക്ഷത കാത്തുസൂക്ഷിക്കാന്‍ കഴിയാത്ത സമീപനം, ആര്‍എസ്എസിനോടുള്ള മൃദുമീപനം ഇവയെല്ലാമാണ് അനില്‍കുമാര്‍ ഉന്നയിച്ചത്, സ്വാഭാവികമായും അത് സ്വാഗതാര്‍ഹമായ സമീപനമാണെന്ന് കോടിയേരി പറഞ്ഞു. കുടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ വരുംദിവസം സിപിഎമ്മിനകത്ത് എത്തുമോ എന്ന് ചോദ്യത്തിന് കാത്തിരുന്ന് കാണാമെന്ന് കോടിയേരി പറഞ്ഞു.


