ശരണമന്ത്രണങ്ങളാല്‍ മുഖരിതമായ സന്നിധാനത്ത് നിന്ന് മകരവിളക്ക് ദര്‍ശിച്ച് അയ്യപ്പഭക്തര്‍. മകരജ്യോതി ദര്‍ശിക്കാന്‍ ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഭക്തരുടെ ശ്വാസത്തിന് പോലും ശരണമന്ത്രത്തിന്റെ ഒരേ താളമായി മാറിയ ഭക്തിനിര്‍ഭരമായ മുഹൂര്‍ത്തങ്ങള്‍ക്കാണ് ശബരിമല സാക്ഷ്യം വഹിച്ചത്.
മണിക്കൂറുകള്‍ മുമ്പ് തന്നെ സന്നിധാനവും പരിസരവും അയ്യപ്പഭക്തരാല്‍ നിറഞ്ഞിരുന്നു. ആറരക്ക് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനക്ക് ശേഷമായിരുന്നു പൊന്നമ്പല മേട്ടിലെ മകരജ്യോതി ദര്‍ശനം. പത്തിലധികം കേന്ദ്രങ്ങളില്‍ നിന്നായി ഭക്തര്‍ മകരവിളക്ക് ദര്‍ശിച്ചു. ഇടുക്കിയില്‍ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളില്‍ നിന്നും മകരജ്യോതി ദര്‍ശിക്കാം.
മൂന്ന് തവണ കര്‍പ്പൂരവും ദീപങ്ങളും സന്നിധാനത്ത് തെളിയുകയും പൊന്നമ്പല മേട്ടില്‍ ദീപാരാധന നടക്കുകയും ചെയ്തതോടെ ഭക്തരുടെ മനസും കണ്ണും നിറഞ്ഞു. പ്രകൃതി ആരാധന കൂടിയായ മകരവിളക്ക് ദര്‍ശിച്ചതോടെ ഭക്തലക്ഷങ്ങള്‍ക്ക് പുതുജന്മം നേടിയതുപോലുള്ള സംതൃപ്തി ലഭിച്ചു.
ശരണമന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ മകരവിളക്ക് ദര്‍ശനത്തിനായി ഭക്തലക്ഷങ്ങളാണ് സന്നിധാനത്തും പരിസരത്തും തമ്പടിച്ചത്. മകരവിളക്ക് ദര്‍ശനത്തിനായി പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. സന്നിധാനത്ത് 8.45നാണ് മകരസംക്രമ പൂജ നടക്കുക. തിരുവാഭരണം ചാര്‍ത്തിയുള്ള അയ്യപ്പന്റെ ദീപാരാധന കഴിഞ്ഞ ശേഷമാണ് പൊന്നമ്പലമേട്ടില്‍ ദീപാരാധന നടന്നത്.


