സംസ്ഥാനത്ത് ബസ്ചാര്‍ജ് വര്‍ധന ഉടനെന്നു മന്ത്രി ആന്റണി രാജു. ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം ന്യായം. വിദ്യാര്‍ഥികളുടെ നിലവിലെ കണ്സഷന് നിരക്ക് നാണക്കേടെന്നു അവര്‍ തന്നെ പറയുന്നുണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ‘ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്, എല്ലാവരേയും തൃപ്തിപ്പെടുത്തിക്കൊണ്ടുള്ള തീരുമാനം വരും’- മന്ത്രി പറഞ്ഞു.
സംസ്ഥാന ബജറ്റില്‍ പ്രൈവറ്റ് ബസ് മേഖലയെപ്പറ്റി പരാമര്‍ശിക്കാത്തതില്‍ സ്വകാര്യ ബസ് ഉടമകള്‍ അതൃപ്തിയിലായിരുന്നു. ഈ മാസം 31 നുള്ളില്‍ നിരക്ക് വര്‍ധന ഉണ്ടായില്ലെങ്കില്‍ അനിശ്ചിത കല സമരത്തിലേക്ക് നീങ്ങുമെന്നും സ്വകാര്യ ബസുടമകള്‍ അറിയിച്ചിരുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ സമര തീയതി പ്രഖ്യാപിക്കുമെന്ന് ബസ് ഉടമകള്‍ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഗതാഗത മന്ത്രിയുടെ പ്രതികരണം.
എത്ര രൂപ കൂട്ടണമെന്ന കാര്യത്തില്‍ ആവശ്യത്തില്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷമാകും ചാര്‍ജ് വര്‍ധന പ്രഖ്യാപിക്കുക. വലിയ ചാര്‍ജ് വര്‍ധന പൊതുജന പ്രതിഷേധം ഉണ്ടാക്കുമെന്നിരിക്കെ അതുകൂടി കണക്കിലെടുത്തുള്ള തീരുമാനമാകും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുക. കണ്സഷന് നിരക്ക് വര്‍ധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യത്തിലും അനുകൂല തീരുമാനുമുണ്ടാകുമെന്നുള്ള സൂചനയും മന്ത്രി നല്കി.
വിദ്യാര്‍ഥികളെ കയറ്റാത്ത ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്കി. ഇന്ധന വില വര്‍ധനവ് കെ.എസ്.ആര്.ടി.സിയുടെ നടുവൊടിച്ചെന്നും, ബസ്ചാര്‍ജ് വര്‍ധനവ് കെ.എസ്.ആര്.ടി.സിക്കാണ് അത്യാവശ്യമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.


