രോഗിയെ പുഴുവരിച്ച സംഭവത്തില്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രണ്ട് മണിക്കൂര്‍ ഒപി ബഹിഷ്കരിച്ച് സമരത്തിലുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാരുമായി ആരോഗ്യമന്ത്രി കെകെ ശൈലജ ചര്‍ച്ച നടത്തുന്നു. മുഴുവന്‍ മെഡിക്കല്‍ കോളേജുകളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തി വച്ചാണ് ഇന്ന് ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത്. തിരുവനന്തപുരത്തെ നോഡല്‍ ഓഫീസര്‍ ഡോ. അരുണയെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ കൊവിഡ് നോഡല്‍ ഓഫീസര്‍മാരുടെ പദവി ഡോക്ടര്‍മാര്‍ കൂട്ടത്തോടെ രാജി വച്ചിരുന്നു. ഇതോടെ, സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തിന്റെ ഏകോപനം തന്നെ താളം തെറ്റിയതോടെയാണ്, സര്‍ക്കാര്‍ സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാകുന്നത്.
കെജിഎംസിടിഎ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തുന്ന റിലേ നിരാഹാര സത്യാഗ്രഹം ഇന്നവസാനിക്കുന്നതിന് മുന്നോടിയായാണ് ഡോക്ടര്‍മാര്‍ സമരം ശക്തമാക്കിയത്. ഇന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ നാളെ മുതല്‍ അനിശ്ചിത കാലത്തേക്ക് ഒപി ബഹിഷ്കരണം തുടരാനാണ് തീരുമാനം. ആരോഗ്യപ്രവര്‍ത്തകരുടെ പ്രത്യേക അവധി റദ്ദാക്കിയതിലും വലിയ പ്രതിഷേധമാണ് ഉള്ളത്. ഇക്കാര്യത്തില്‍ നഴ്സുമാരുടെ സംഘടനയായ കെജിഎന്‍എ ഇന്നലെ തുടങ്ങിയ അനിശ്ചിതകാല സത്യഗ്രഹസമരവും തുടരുകയാണ്. അതേസമയം ആദ്യ ചര്‍ച്ചയ്ക്ക് ശേഷം സര്‍ക്കാര്‍ ഇതുവരെ സമരങ്ങള്‍ അവസാനിപ്പിക്കുന്നതിന് വേണ്ടി ഇടപെട്ടിട്ടില്ല.
ജീവനക്കാരുടെ കുറവടക്കം ചൂണ്ടിക്കാട്ടിയാണ് സമരക്കാര്‍ സര്‍ക്കാര്‍ നടപടിയെ എതിര്‍ക്കുന്നത്. അഞ്ച് പേരുടെ ജോലി ചെയ്യാന്‍ പലപ്പോഴും ഒരാളാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലുള്ളത്. രോഗികള്‍ ദിവസം തോറും കൂടിവരികയാണ്. സസ്പെന്ഷന് നടപടി ആരോഗ്യപ്രവര്‍ത്തകരെ ബലിയാടാക്കുന്നതാണ്.
എന്നാല്‍ നടപടി പിന്‍വലിക്കാനാകില്ലെന്ന ഉറച്ച നിലപാടിലായിരുന്നു സര്‍ക്കാര്‍ ഇതുവരെ. വിശദ റിപ്പോര്‍ട്ട് കിട്ടിയ ശേഷം മറ്റ് നടപടികള്‍ ആലോചിക്കാം. രോഗിയെ പുഴുവരിച്ച സംഭവത്തില്‍ നടപടി പിന്‍വലിക്കുന്നത് പൊതുസമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് സര്‍ക്കാര്‍ പറയുന്നു. കൊവിഡ് സാഹചര്യത്തില്‍ പെട്ടെന്ന് ജീവനക്കാരുടെ എണ്ണം കൂട്ടാനാവില്ല. നോഡല്‍ ഓഫീസര്‍മാര്‍ രാജിവെച്ചാല്‍ പുതിയ വഴികള്‍ തേടും. സമ്മര്‍ദങ്ങള്‍ക്ക് ഈ ഘട്ടത്തില്‍ വഴങ്ങില്ല. ആരോഗ്യപ്രവര്‍ത്തകരുടെ പ്രത്യേക അവധി റദ്ദാക്കിയത് കേന്ദ്ര മാനദണ്ഡ പ്രകാരമാണ്. ഈ സമയത്ത് അവധി നല്കിയാല് ആള്‍ക്ഷാമം രൂക്ഷമാകും. സമരം നീളുന്നത് സര്‍ക്കാരിനെ ബാധിക്കില്ല. പൊതുജന വികാരം ഉയര്‍ന്നാല്‍ സമരക്കാര്‍ക്ക് തന്നെ പിന്‍വലിക്കേണ്ടി വരുമെന്നും സര്‍ക്കാര്‍ നിലപാടെടുക്കുന്നു.
ദിനംപ്രതിയുള്ള കൊവിഡ് രോഗികളുടെ വര്‍ദ്ധന പതിനായിരത്തിലേക്ക് നീളുന്ന പശ്ചാത്തലത്തില്‍ സമരക്കാരുമായി അടിയന്തരമായി സമവായമുണ്ടാക്കിയില്ലെങ്കില്‍ സര്‍ക്കാരിന് തന്നെ ഇത് വലിയ തലവേദനയാകും.


