മലപ്പുറം: വാൽപ്പാറയിലുണ്ടായ ദാരുണമായ അപകടത്തിൽ പ്രിയപ്പെട്ട അധ്യാപകർ വിടവാങ്ങിയത് മലപ്പുറത്തെ ഒരു ഗ്രാമത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. തങ്ങളെ അക്ഷരമുറ്റത്തേക്ക് കൈപിടിച്ചു നടത്തിയ ഗുരുനാഥന്മാരുടെ വേർപാട് ഉൾക്കൊള്ളാനാകാതെ വിതുമ്പുകയാണ് അവരുടെ പഴയകാല ശിഷ്യർ. എൽകെജി മുതൽ തങ്ങളെ പഠിപ്പിച്ച അധ്യാപകരെ കുറിച്ചുള്ള ഓർമകൾ വേദനയോടെ ഓർത്തെടുക്കുകയാണ് അവർ. മജീദ് മാഷ്, റംല ടീച്ചർ, സുഹ്റ ടീച്ചർ, ആശ ടീച്ചർ എന്നിവരുടെ വേർപാടുകൾ വലിയ ശൂന്യതയാണ് തങ്ങളിൽ സൃഷ്ടിച്ചിരിക്കുന്നതെന്ന് പൊതുദർശനത്തിനെത്തിയ പൂർവവിദ്യാർഥികൾ പ്രതികരിച്ചു. ഇന്നലെ വൈകിട്ട് നടന്ന അപകടത്തിൽ ജീവൻ പൊലിഞ്ഞ അധ്യാപകരുടെയടക്കം ഒമ്പത് മൃതദേഹങ്ങൾ രാവിലെ ഒമ്പതിന് മലപ്പുറത്തെ പാങ്ങിലെത്തിച്ചിരുന്നു.
‘എല്‍കെജി മുതല്‍ ഞങ്ങളെ പഠിപ്പിച്ച ടീച്ചര്‍മാരാണ്. പഠിച്ചിറങ്ങിയെങ്കിലും എപ്പോള്‍ കാണുമെങ്കിലും വിശേഷങ്ങള്‍ ചോദിക്കും. റംല ടീച്ചറും ആശ ടീച്ചറും മജീദ് മാഷും പഠിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രി മരണവാര്‍ത്ത കേട്ടപ്പോള്‍ വല്ലാത്ത ഞെട്ടലാണുണ്ടായത്. എവിടെ വെച്ച് കണ്ടാലും വിവരങ്ങള്‍ ചോദിക്കും. എല്ലാ കാര്യങ്ങളും അന്വേഷിച്ചറിയും. ആവശ്യമായ എല്ലാ വിഷയങ്ങളിലും പിന്തുണ തരുന്നവരാണ്. ഞെട്ടലോടെയാണ് മരണവാര്‍ത്ത അറിഞ്ഞത്. ആദ്യം ഉൾക്കൊള്ളാനായില്ല.’ വിദ്യാർഥികൾ പ്രതികരിച്ചു.
‘ഞാനും സഹോദരിമാരും അവിടെയായിരുന്നു പഠിച്ചിരുന്നത്. മരണവാര്‍ത്ത വല്ലാതെ വേദനിപ്പിച്ചു. രാത്രി മുഴുവന്‍ കരച്ചിലായിരുന്നു. അത്രയ്ക്ക് ഇഷ്ടായിരുന്നു ആ അറബി ടീച്ചറെ. അവര്‍ പോയെന്ന് കേട്ടപ്പോ വല്ലാത്ത ഷോക്കായിരുന്നു. ഞങ്ങളുമായിട്ടൊക്കെ നല്ല കമ്പനിയായിരുന്നു സാറന്മാരെല്ലാം. പഠനം കഴിഞ്ഞ് ആറ് വര്‍ഷം കഴിഞ്ഞിട്ടും ബന്ധം അതേപോലെ നിലനില്‍ക്കുന്നുണ്ടായിരുന്നു. എല്ലാ ടീച്ചര്‍മാരെയും ഞങ്ങള്‍ക്ക് ഒരുപോലെ ഇഷ്ടായിരുന്നെങ്കിലും മജീദ് മാഷുമായിട്ട് ഒരു പ്രത്യേക അടുപ്പം ഉണ്ടായിരുന്നു. മജീദ് മാഷിന് കണ്ണ് കാണുമായിരുന്നില്ല. ഞങ്ങളോടൊപ്പം കളിക്കാറുണ്ടായിരുന്ന കൂട്ടുകാരനും പോയിട്ടുണ്ട്. ഒരുപാട് ഇഷ്ടമായിരുന്നു എല്ലാവരേയും…’പൂര്‍വവിദ്യാര്‍ഥികള്‍ കൂട്ടിച്ചേർത്തു.


