മൂവാറ്റുപുഴ: നഗരസഭയിലെ യുഡിഎഫ് കൗൺസിലിന്റെ അഴിമതിക്കും പ്രതിപക്ഷ വാർഡുകളോടുള്ള അവഗണനയ്ക്കും എതിരെ എൽഡിഎഫിന്റെ നേതൃത്വത്തിൽ നടത്തിയ നഗരസഭ വളയൽ സമരത്തെ തുടർന്ന് നഗരസഭാ പ്രവർത്തനം പൂർണ്ണമായും സ്തംഭിച്ചു. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ എൽഡിഎഫ് പ്രവർത്തകർ നഗരസഭ ഓഫീസിന്റെ കവാടങ്ങൾ ഉപരോധിച്ചതോടെ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും അകത്ത് പ്രവേശിക്കാനായില്ല. ചെയർപേഴ്സണും കൗൺസിലർമാരും ഓഫീസിലെത്തിയില്ല. മുദ്രാവാക്യം വിളികളോടെ പ്രവർത്തകർ കവാടത്തിന് മുന്നിലിരുന്ന് സമരം ചെയ്തു. പതിനൊന്നരയ്ക്ക് ശേഷം പൊലീസ് ബലം പ്രയോഗിച്ച് പ്രവർത്തകരെ നീക്കാൻ ശ്രമിച്ചെങ്കിലും അവർ മാറിയില്ല. സംഘർഷാവസ്ഥയിലേക്ക് നീങ്ങിയ സമരം നേതാക്കൾ ഇടപെട്ട് ശാന്തമാക്കി. തുടർന്ന് നേതാക്കളെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വൻ പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു.
യുഡിഎഫ് കൗൺസിലിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും എതിരെയും പ്രതിപക്ഷ കൗൺസിലർമാരുടെ വാർഡുകളിൽ പദ്ധതി വിഹിതം അനുവദിക്കാത്തതിനും ചെയർപേഴ്സന്റെ നേതൃത്വത്തിൽ പ്രതിപക്ഷ കൗൺസിലർമാരെ ആക്രമിച്ച് കള്ളക്കേസ് എടുപ്പിച്ചതിനും എതിരെയായിരുന്നു സമരം. ചെയർപേഴ്സന്റെ ഓഫീസിന് മുന്നിൽ പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധിച്ചപ്പോൾ അവരെ ആക്രമിക്കുകയായിരുന്നുവെന്ന് നേതാക്കൾ പറഞ്ഞു. എൽഡിഎഫ് കൗൺസിലറെ ജാതിപ്പേര് വിളിച്ച് ആക്രമിച്ച സംഭവത്തിൽ കേസെടുക്കാത്ത പൊലീസ്, ഇതേ കൗൺസിലർക്കെതിരെ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണിയുടെ വ്യാജ പരാതിയിൽ കേസെടുത്തെന്നും ആരോപിച്ചു.
സിഎഫ്സി ഫണ്ട് ഉൾപ്പെടെ പ്രതിപക്ഷ വാർഡുകളെ പൂർണ്ണമായും ഒഴിവാക്കി ഭരണപക്ഷ വാർഡുകളിൽ മാത്രം പദ്ധതി തുക നൽകിയതായും എൽഡിഎഫ് ആരോപിച്ചു. നഗരസഭ ഓഫീസ് മോഡി പിടിപ്പിക്കാനുള്ള 85 ലക്ഷം രൂപയിൽ 15 ലക്ഷം രൂപ ചെലവഴിച്ച് ചെയർപേഴ്സന്റെ ഓഫീസ് മാത്രം നവീകരിക്കുന്നത് അഴിമതിയും ധൂർത്തുമാണെന്നും സമരത്തിൽ ആരോപണമുയർന്നു. ഓണാഘോഷത്തിന് പിരിച്ച തുകയുടെ കണക്കും രസീത് വിവരങ്ങളും വെളിപ്പെടുത്താൻ ചെയർപേഴ്സൺ തയ്യാറാകുന്നില്ലെന്നും വൻ തുകയുടെ തട്ടിപ്പ് മറച്ചുവെക്കാനാണ് കണക്ക് വെളിപ്പെടുത്താത്തതെന്നും നേതാക്കൾ പറഞ്ഞു.
കർഷകസംഘം കേന്ദ്ര കമ്മിറ്റി അംഗം പി.എം. ഇസ്മായിൽ സമരം ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം എക്സിക്യൂട്ടീവ് അംഗം ഇബ്രാഹിം കരീം അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി എൻ. അരുൺ, എക്സിക്യൂട്ടീവ് അംഗം കെ.എ. നവാസ്, സിപിഐഎം ഏരിയ സെക്രട്ടറി അനീഷ് എം. മാത്യു, ഏരിയ കമ്മിറ്റി അംഗങ്ങളായ യു.ആർ. ബാബു, എം.എ. സഹീർ, എം.ആർ. പ്രഭാകരൻ, ആർ. രാകേഷ്, വി.ആർ. ശാലിനി, സജി ജോർജ്, മുൻസിപ്പൽ നോർത്ത് ലോക്കൽ സെക്രട്ടറി കെ.ജി. അനിൽകുമാർ, സൗത്ത് ലോക്കൽ സെക്രട്ടറി പി.ബി. അജിത് കുമാർ, സിപിഐ മുൻസിപ്പൽ ലോക്കൽ സെക്രട്ടറി കെ.പി. അലിക്കുഞ്ഞ്, മണ്ഡലം കമ്മിറ്റി അംഗം ജോർജ് വെട്ടിക്കുഴി, ജനാധിപത്യ കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇമ്മാനുവൽ പാലക്കുഴി, കേരള കോൺഗ്രസ് (എം) ജില്ലാ സെക്രട്ടറി സിജോ ജോൺ തുടങ്ങിയവർ സംസാരിച്ചു.

