സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശത്തെ വിമര്‍ശിച്ച് കെ മുരളീധരന് എംപി. ഭരണഘടനയെ കുന്തം കുടച്ചക്രം എന്ന് പറഞ്ഞയാളാണ് വീണ്ടും മന്ത്രിയാകുന്നത്. ഗവര്‍ണര്‍ മലക്കം മറിഞ്ഞു. മുഖ്യമന്ത്രിയും ഗവര്‍ണറുമായി എന്തോ ഓപ്പറേഷന് നടന്നിട്ടുണ്ടെന്നും മുരളീധരന് ആരോപിച്ചു.
ഗവര്‍ണറുടെയും സര്‍ക്കാരിന്റെയും കളി കൊണ്ട് വിദ്യാര്‍ത്ഥികളാണ് കുടുങ്ങിയത്. ഇരുകൂട്ടരും തമ്മില്‍ കൊടുക്കല്‍ വാങ്ങലാണ് നടക്കുന്നത്. സജി ചെറിയാന് രാജി വെക്കേണ്ടി വരുമെന്നും കെ മുരളീധരന് പ്രതികരിച്ചു.
സജി ചെറിയാന് മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനില്‍ വൈകീട്ട് നാലിനാണ് സത്യപ്രതിജ്ഞ. കടുത്ത വിയോജിപ്പോടെ ഇന്നലെയാണ് സത്യപ്രതിജ്ഞക്ക് ഗവര്‍ണ്ണര്‍ അനുമതി നല്‍കിയത്. അറ്റോര്‍ണി ജനറലിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. സജിക്കെതിരായ കേസില്‍ കോടതിയുടെ അന്തിമതീര്‍പ്പ് വരാത്ത സാഹചര്യത്തില്‍ പ്രശ്നത്തില്‍ ഇനിയുണ്ടാകുന്ന എല്ലാ കാര്യങ്ങളുടേയും ഉത്തരവാദിത്വം സര്‍ക്കാറിനായിരിക്കുമെന്നാണ് ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിയെ അറിയിച്ചത്.
ചടങ്ങ് പ്രതിപക്ഷം ബഹിഷ്ക്കരിക്കും. 182 ദിവസത്തെ ഇടവേളക്ക് ശേഷമാണ് സജി പിണറായി മന്ത്രിസഭയിലേക്ക് മടങ്ങിയെത്തുന്നത്. നേരത്തെ വഹിച്ചിരുന്ന ഫിഷറീസ്-സാംസ്ക്കാരികം-സിനിമ-യുവജനക്ഷേമ വകുപ്പുകളായിരിക്കും സജിക്ക് ലഭിക്കുക.
മല്ലപ്പള്ളി പ്രസംഗത്തില്‍ സജി ചെറിയാന് അനുകൂലമായ പോലീസ് റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നാളത്തേക്ക് മാറ്റിവെച്ചു. സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തീരുമാനമാകും വരെ കേസ് അവസാനിപ്പിക്കരുതെന്ന ആവശ്യവും ഇതോടൊപ്പം പരിഗണിക്കും. ഹൈക്കോടതിയിലെ അഭിഭാഷകനായ ബൈജു നോയല്‍ നല്കിയ ഹര്‍ജിയാണ് കോടതി നാളത്തേക്ക് മാറ്റിവച്ചത്.
ആദ്യ അഞ്ച് സാക്ഷികളുടെ മൊഴി രേഖപ്പെടുത്താതെയും ശാസ്ത്രീയ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടുത്താതെയും ദുര്‍ബലമായ റിപ്പോര്‍ട്ടാണ് പോലീസ് സമര്‍പ്പിച്ചതെന്നാണ് ഹര്‍ജിക്കാരന്റെ വാദം.


