ഉന്നത ഉദ്യോഗസ്ഥരടക്കം ആരോപണം നേരിടുന്ന വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി വിളിച്ച പൊലീസിന്റെ വിപുലയോഗം ഇന്ന്. എസ്.എച്ച്.ഒമാര്‍ മുതല്‍ ഡിജിപി വരെ പങ്കെടുക്കുന്ന യോഗത്തില്‍ പ്രവര്‍ത്തനവും പ്രതിച്ഛായയും വര്‍ദ്ധിപ്പിക്കാന്‍ മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കും. മോന്സന് മാവുങ്കലുമായുളള ആരോപണങ്ങളില്‍ ഡി.ജി.പിയും നിലപാട് വിശദീകരിച്ചേക്കും. രണ്ടാം ഭരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിളിക്കുന്ന ആദ്യ പൊലീസ് യോഗമാണിന്ന്. വാര്‍ഷിക അവലോകന യോഗമെന്ന് ഔദ്യോഗികമായി വിശദീകരിക്കുമെങ്കിലും യോഗം വിളിച്ച സമയമാണ് പ്രസക്തി വര്ധിപ്പക്കുന്നത്.
വൈകിട്ട് മൂന്നരയ്ക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുക. സ്റ്റേഷന് ഹൗസ് ഓഫിസര്‍മാര്‍ മുതല്‍ സംസ്ഥാന പൊലീസ് മേധാവി വരെയുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദേശം.
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോണ്സണ് മാവുങ്കലിനോടൊപ്പമുള്ള സേനയിലെ ഉന്നത ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ പുറത്തു വന്നതോടെ പൊലീസ് പ്രതിസന്ധിയിലായിരിക്കുകയാണ്. തട്ടിപ്പുകാരനെന്ന് ഇന്റലിജന്‍സ് കണ്ടെത്തിയ പ്രതി പൊലീസ് ആസ്ഥാനത്ത് വരെ കയറിയിറങ്ങി. ഇതടക്കമുള്ള വിവാദ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായേക്കും. അടിക്കടിയുണ്ടാകുന്ന പൊലീസ് വീഴ്ചയില്‍ മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തുമോ എന്നതാണ് നിര്‍ണായകം.
പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് മോന്സണ് മാവുങ്കല്‍ അറസ്റ്റിലായതിന് പിന്നാലെയാണ് പൊലീസ് ബന്ധം സംബന്ധിച്ച വിവരങ്ങളും പുറത്തു വന്നത്. മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ, ഡിഐജി സുരേന്ദ്രന്, ഐ.ജി ലക്ഷ്മണ് ഉള്‍പ്പെടെയുള്ളവര്‍ മോന്‍സണിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. മോന്‍സണിനെതിരായ കേസ് അട്ടിമറിക്കാന്‍ ഐ.ജി ലക്ഷ്മണ് ഇടപെട്ടതായിട്ടുള്ള ആരോപണവും ഇതിനിടെ ഉയര്‍ന്നിരുന്നു.
മോന്സന് വിവാദത്തിന് തൊട്ടുമുമ്പ് വരെ പൊലീസിനെ പുകഴ്ത്തുകയാണ് മുഖ്യമന്ത്രി ചെയ്തിട്ടുള്ളത്. കഴിഞ്ഞ സര്‍ക്കാരില്‍ 4 തവണ യോഗം വിളിച്ചപ്പോഴും കാര്യമായി വിമര്‍ശിച്ചിട്ടില്ല. അതിനാല്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള ഉപദേശം. നിര്‍ദേശങ്ങള്‍ക്കപ്പുറം വിമര്‍ശനം ഇത്തവണയും ഉണ്ടാകുമോയെന്ന് കണ്ടറിയണം.

