കണ്ണൂര്‍ പുന്നോല്‍ ഹരിദാസനെ കൊലപ്പെടുത്തിയത് ബിജെപി കൗണ്‍സിലര്‍ കെ. ലിജേഷിന്റെ നേതൃത്വത്തിലുള്ള സംഘമെന്ന് റിമാന്റ് റിപ്പോര്‍ട്ട്. ഹരിദാസനെ വെട്ടി കൊലപ്പെടുത്തിയത് ലിജേഷ്, പ്രിതീഷ് , നിഖില്‍, ദീപു എന്നിവര്‍ ചേര്‍ന്നാണ്. കൊലപാതകം നടത്തിയത് ആറംഘ സംഘമെന്നും റിമാന്റ് റിപ്പോര്‍ട്ടിലുണ്ട്.
ഫെബ്രുവരി 8 ന് ഹരിദാസന് വധക്കേസിലെ പ്രതികളും ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരുമായ കെവി വിമന്‍, അമല്‍ മനോഹരന്, സികെ അര്ജുന്, ദീപക് സദാനന്ദ് എന്നിവരെ ഹരിദാസനും സഹോദരന് സുരനും ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. വിമിനെ മര്‍ദ്ദിച്ച് നെഞ്ചത്ത് ചവിട്ടിയ ഹരിദാസന്റെ കാല് വെട്ടി കൊലപ്പെടുത്തണമെന്ന് ഈ നാല് പ്രതികളും കേസിലെ ഒന്നാം പ്രതി ലിജേഷും കൂട്ടു പ്രതികളായ സികെ അശ്വന്ത്, കെ അഭിമന്യു എന്നിവര്‍ ചേര്‍ന്ന് അന്ന് രാത്രി 12 മണിയോടെ തന്നെ കൊലപാതകം നടത്താന്‍ ഗൂഢാലോചന നടത്തിയെന്നാണ് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഫെബ്രുവരി 8, ഫെബ്രുവരി 11, ഫെബ്രുവരി 14 തീയതികളില്‍ പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തെങ്കിലും നടന്നില്ല. ഫെബ്രുവരി 20 ന് രാത്രി കടലില്‍ നിന്ന് തിരിച്ചെത്തി ഹരിദാസ് വീട്ടിലേയ്ക്ക് പുറപ്പെട്ട കാര്യം ലിജേഷാണ് മറ്റു പ്രതികളായ പ്രഷിജ്, പി കെ ദിനേശ്, പ്രതീഷ് എന്നിവരെ അറിയിച്ചത്. ലിജേഷ്, പ്രഷിജ്, പ്രിതീഷ് എന്നിവരും കേസില്‍ പിടി കിട്ടാനുള്ള ദീപുവും, നിഖിലും രണ്ട് സ്കൂട്ടറുകളിലായി കൊലപാതക ദിവസം രാത്രി പന്ത്രണ്ടരയോടെ പുന്നോലിലെ സരിഗമ ഷെഡില്‍ എത്തി. ഇവിടെ വെച്ച് കൊലപാതക സംഘത്തിനൊപ്പം ചേര്‍ന്ന പ്രതി പി.കെ ദിനേശ് ആണ് ഹരിദാസന്റെ വീട്ടിലേയക്കുള്ള വഴി കാണിച്ചു നല്‍കിയത്.
ലിജേഷ്, പ്രിതീഷ്, നിഖില്‍, ദീപു എന്നിവര്‍ വാളും പ്രഷീജും ദിനേശനും ഇരുമ്പ് പൈപ്പുമായി എത്തി ഹരിദാസന്റെ വീടിന്റെ പരിസരത്ത് പതുങ്ങിയിരുന്നു. തുടര്‍ന്ന് ലിജേഷിനൊപ്പം, പ്രിതീഷ്, നിഖില്‍, ദീപു എന്നിവര്‍ ചേര്‍ന്ന് ഹരിദാസനെ വെട്ടി കൊലപ്പെടുത്തുകയായിരുവെന്നാണ് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്.


