പ്രശ്നപരിഹാര ചര്‍ച്ചകള്‍ക്കിടെയും പ്രകോപനവുമായി ചൈന. അതിര്‍ത്തിയില്‍ ഒന്നിലേറെ സ്ഥലങ്ങളില്‍ കടന്നുകയറാന്‍ ശ്രമിച്ചതായി കരസേന അറിയിച്ചു. അതിര്‍ത്തിയില്‍ ചൈനയുടെ ഏത് നീക്കവും ശക്തമായി ചെറുക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് നിര്‍ദ്ദേശം. പാങ്ഗോംഗ് തടാകതീരത്ത് നിന്ന് ഇന്ത്യ സേനയെ പിന്‍വലിക്കില്ലെന്നും ഇന്ത്യ തീരുമാനമെടുത്തു. റെഗിന് ലാ, പാംഗോങ് മേഖലകളിലെ കടന്നുകയറ്റം ഇന്ത്യന്‍ സേന പ്രതിരോധിച്ചു. അതേസമയം ചൈനീസ് കടന്നുകയറ്റം കൃത്യമായി ആസൂത്രണം ചെയ്തതാണെന്നും നിരീക്ഷിക്കുന്നുണ്ടെന്നും യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.
ചൈന അയല്‍രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്ന് അമേരിക്ക മുന്നറിയിപ്പ് നല്കി. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടേത് ആസൂത്രിത നീക്കമാണെന്നും അമേരിക്ക പ്രതികരിച്ചു. അതേസമയം, നിയന്ത്രണരേഖയില്‍ സമാധാനത്തിന് സൈനിക, നയതന്ത്ര തലങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കവേയാണ് ധാരണകള്‍ ലംഘിച്ച് കഴിഞ്ഞ ശനിയാഴ്ചയും ചൈന മുന്നേറ്റത്തിന് ശ്രമിച്ചിരുന്നു. ശക്തമായ പ്രതിരോധം തീര്‍ത്ത ഇന്ത്യന്‍ സൈന്യം പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ നീക്കം പരാജയപ്പെടുത്തി. ചൈനീസ് ചതിക്ക് പിന്നാലെയാണ് ചൈനയുടെ തന്നെ നിരീക്ഷണ ക്യാമറകളെയും സംവിധാനങ്ങളെയും വെട്ടിച്ച് ഇന്ത്യന്‍ സേന തന്ത്രപ്രധാനമേഖലകളില്‍ കയറി ആധിപത്യം ഉറപ്പാക്കിയത്. പാംഗോങ് തടാകത്തിന്റെ തെക്കന്‍മേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങളിലാണ് ഇന്ത്യന്‍ സേന നിലയുറപ്പിച്ചിട്ടുള്ളത്. ഇവിടെ സ്ഥാപിച്ചിരുന്ന ക്യാമറകളും നിരീക്ഷണസംവിധാനങ്ങളും നീക്കുകയും ചെയ്തു.
സൈനിക വിന്യാസത്തിനൊപ്പം ആയുധ സജ്ജീകരണങ്ങളും വര്‍ധിപ്പിച്ചിട്ടുണ്ട്. പാംഗോങ് തീരത്തിനും സ്പാന്‍ഗുര്‍ ഗ്യാപിനും ഇടയിലുള്ള ഉയര്‍ന്ന പ്രദേശങ്ങള്‍ പിടിച്ചെടുക്കാനുള്ള ചൈനീസ് നീക്കമാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. മേഖലയില്‍ ചൈന ജെ.20 പോര്‍വിമാനങ്ങള്‍ അണിനിരത്തിയതോടെ ഇന്ത്യന്‍ വ്യോമസേന വ്യോമനീരിക്ഷണവും ശക്തമാക്കി. ഇതിനിടെ, കരസേന മേധാവി എം.എം.നരവനെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും സ്ഥിതി വിലയിരുത്തി.
അതേസമയം, നിയന്ത്രണരേഖ മറികടന്നിട്ടല്ലെന്നാണ് ചൈനയുടെ നിലപാട്. ഒരു രാജ്യത്തിന്റെയും ഭൂമി കൈയേറിയിട്ടില്ല. അതിര്‍ത്തിയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കാന്‍ ശകത്മായ നടപടി വേണമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ജൂണ്‍ 15ന് ഗാല്‍വാന്‍ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യയുടെ 20 സൈനികരാണ് വീരമൃത്യു വരിച്ചത്. അന്നത്തെ ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഇന്ത്യ- ചൈന അതിര്‍ത്തി വിഷയം പരിഹരിക്കുന്നതിന് ബ്രിഗേഡ് കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ തുടരുകയാണ്.


