കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് തോല്‍വി പഠിക്കാന്‍ ചുമതലപ്പെടുത്തിയ അശോക് ചവാന് സമിതി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നേതാക്കളുടെ അമിത ആത്മവിശ്വാസവും സംഘടനാ ദൗര്‍ബല്യവും വിനയായി. ന്യൂനപക്ഷ വിഭാഗങ്ങളുടെ മതിയായ പിന്തുണ ഉറപ്പിക്കാനായില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ ജനപിന്തുണ മനസിലാക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അഞ്ചംഗ സമിതി സോണിയ ഗാന്ധിക്കാണ് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറിയത്.
അതേസമയം പുതിയ കെപിസിസി അധ്യക്ഷന്‍ ആരാകണമെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡില്‍ വലിയ ആശങ്കയാണ് നിലനില്‍ക്കുന്നത്. പരാജയത്തില്‍ നില്ക്കുന്ന പാര്‍ട്ടിക്ക് ഊര്‍ജം കണ്ടെത്താനാണ് പുതിയ അധ്യക്ഷനെ നിയമിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ കെ സുധാകരന്റെ പേരിനാണ് മുന്‍തൂക്കമെങ്കിലും ഗ്രൂപ്പുകളുടെ എതിര്‍പ്പ് ഹൈക്കമാന്‍ഡിനെ പ്രതിസന്ധിയില്‍ ആക്കുന്നു.
ഗ്രൂപ്പുകളെ മറികടന്ന് പ്രഖ്യാപനം നടത്തിയാല്‍ വലിയ പൊട്ടിത്തെറിയിലേക്കാകും കാര്യങ്ങള്‍ പോകുക. ഈ സാഹചര്യത്തില്‍ ഹൈക്കമാന്‍ഡ് ബദല്‍ വഴികളും ആലോചിക്കുന്നതായാണ് വിവരം. അധ്യക്ഷ സ്ഥാനത്തേക്ക് കെ മുരളീധരന്റെ പേരും സജീവ പരിഗണനയില്‍ ഉണ്ട്.
കെ സുധാകരനെതിരെ വലിയ എതിര്‍പ്പുകള്‍ അശോക് ചവാന് സമിതിക്ക് മുന്നില്‍ എത്തിയിട്ടുണ്ട്. പ്രായ പരിധി അടക്കമുള്ള മാനദണ്ഡങ്ങള്‍ ലംഘിക്കരുതെന്നും നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അശോക് ചവാന് റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാവും ഹൈക്കമാന്‍ഡ് അധ്യക്ഷന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

