പ്രളയകാലത്തും പിന്നീടുണ്ടായ ഉരുൾപൊട്ടലുകളുടെ സമയങ്ങളിലുമെല്ലാം സഹജീവി സ്നേഹത്തിന്റെയും അപാരമായ ചേർത്തുപിടിക്കലിന്റേയും നിരവധി കാഴ്ചകൾ കേരളം കണ്ടു. ഇപ്പോഴിതാ വയനാട് മുണ്ടക്കൈയിൽ രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നിന് കേരളം ഇരയായപ്പോൾ അവിടെയും അത്തരം സഹായമനസ്കതയുടെ മഹാഅധ്യായങ്ങൾ രചിക്കപ്പെടുകയാണ്. അത്തരമൊരു മധുരമാതൃകയെ കുറിച്ചാണ് പറയുന്നത്.’കുഞ്ഞുമക്കൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ, എന്റെ ഭാര്യ റെഡിയാണ്’- വയനാട്ടിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്ന അഭ്യർത്ഥനയ്ക്കു വന്ന ഈ കമൻ്റാണ് കഴിഞ്ഞ ദിവസം ഏറെ വൈറലായത്. കമൻ്റിടുക മാത്രമല്ല, ഇതിനായി ഭാര്യയും രണ്ട് മക്കളുമായി ഇടുക്കി ഉപ്പുതറ സ്വദേശി സജിൻ പാറേക്കര വയനാട്ടിലേക്ക് തിരിച്ചു കഴിഞ്ഞു.‘
ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ… എന്റെ ഭാര്യ റെഡിയാണ്’- എന്നാണ് ഒരു പൊതുപ്രവർത്തകരിലൊരാൾ വാട്ട്സ്ആപ്പ് സന്ദേശമായി സന്നദ്ധ പ്രവർത്തകരെ അറിയിച്ചത്. സന്ദേശം പൊതുപ്രവർത്തകന്റെ പേര് മറച്ച് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ അഭിനന്ദനമറിയിച്ചും സന്തോഷം പങ്കിട്ടും നിരവധി പേരാണ് രംഗത്തെത്തുന്നത്. ചേർത്തുപിടിക്കലിന്റെ ഇത്തരം മനുഷ്യരുള്ള നമ്മുടെ നാട് എവിടെയും തോൽക്കില്ല എന്നാണ് പലരും പറയുന്നത്.
ദുരന്തത്തിൽ അകപ്പെട്ട നിരവധി പിഞ്ചുകുഞ്ഞുങ്ങൾക്ക് അമ്മയില്ലാതായെന്ന വിവരമാണ് ഭാവനയെ ഇതിന് പ്രേരിപ്പിച്ചത്. തുടർന്ന് മുലപ്പാൽ നൽകാൻ തയ്യാറാണെന്ന് സാമൂഹ്യമാധ്യമങ്ങൾ വഴി അറിയിക്കുകയായിരുന്നു. ‘ഞാൻ രണ്ടു കുട്ടികളുടെ അമ്മയാണ്. അമ്മയില്ലാതാവുന്ന കുഞ്ഞുങ്ങളുടെ അവസ്ഥയറിയാം. അതുകൊണ്ടുതന്നെയാണ് ഇതിന് തയ്യാറായത്. ഭർത്താവിനോട് ചോദിച്ചപ്പോൾ പിന്തുണ ലഭിച്ചു’- അങ്ങനെയാണ് കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ തീരുമാനിച്ചതെന്ന് ഭാവന പറയുന്നു.