കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വുഹാനില്‍ നിന്നുമെത്തുന്നവര്‍ക്ക് ഹരിയാനയില്‍ പ്രത്യേക കേന്ദ്രം. ഹരിയാനയിലെ മനേസറിലാണ് പ്രത്യേക കേന്ദ്രം ഒരുക്കുന്നത്. കരസേനയുടെ നേതൃത്വത്തിലാണ് പ്രത്യേക കേന്ദ്രം ഒരുക്കിയിരിക്കുന്നത്. ഇവിടെയെത്തുന്ന ഇന്ത്യക്കാര്‍ 14 ദിവസം ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലായിരിക്കും.
ഈ കാലയളവില്‍ ഏതെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ ഡല്‍ഹിയിലെ ബേസ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റും. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന ചൈനീസ് നഗരങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ആദ്യ എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടു. 325 ഇന്ത്യക്കാരാണ് കൊറോണ വൈറസ് ബാധിച്ച വുഹാനില്‍ കുടുങ്ങിക്കിടക്കുന്നതെന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ബോയിംഗ് 747 വിമാനം ഇന്നുച്ചയ്ക്ക് 12 മണിക്കാണ് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടത്. 16 ജീവനക്കാരു൦ ഡോക്ടര്‍മാരും അടങ്ങിയ സംഘമാണ് കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ പുറപ്പെട്ടത്. അതേസമയം വൈറസ് ബാധയേറ്റവര്‍ യാത്രയില്‍ ഇല്ലെന്ന് ഉറപ്പ് വരുത്തും. മാസ്കുകള്‍, ഗ്ലൗസുകള്‍, മരുന്ന് എന്നിവ കരുതും. ഓരോ സീറ്റിലും ഭക്ഷണവും വെള്ളവും നല്‍കും.


