ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ഡല്‍ഹി ഗെയ്റ്റില്‍ അക്രമാസക്തമായി. സമാധാനപരമായി നടന്ന പ്രതിഷേധം പെട്ടെന്നാണ് അക്രമാസക്തമായത്. പ്രതിഷേധക്കാര്‍ കാറിന് തീയിട്ടു. പ്രതിഷേധക്കാര്‍ പിരിഞ്ഞു പോകാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് പൊലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.
പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. ആക്രമണങ്ങളില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തിനിടെ മലയാളി മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റു. മാധ്യമ പ്രവര്‍ത്തകരെ പൊലീസ് വളഞ്ഞിട്ട് മര്‍ദ്ദിക്കയായിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങളും തകര്‍ന്നു.
പ്രതിഷേധക്കാര്‍ വൈകീട്ടോടെ ജുമാമസ്ജിദിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. ഉച്ചയോടെയാണ് ഇവിടെ പ്രതിഷേധം ആരംഭിച്ചത്. പിന്നീട് പ്രതിഷേധം ശാന്തമായി. വൈകീട്ടോടെ പ്രതിഷേധം വീണ്ടും ശക്തമാകുകയായിരുന്നു. പിരിഞ്ഞു പോകണമെന്ന പള്ളിയില്‍ നിന്നുള്ള ആഹ്വാനത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിഷേധക്കാര്‍ മടങ്ങിപ്പോയി. അതിനിടെ ഒരു വിഭാഗം വീണ്ടും തിരിച്ചെത്തുകയും അക്രമാസക്തമാകുകയുമായിരുന്നു. അതിനിടെ ഡല്‍ഹി മെട്രോയുടെ 17 സ്റ്റേഷനുകള്‍ അടച്ചു. തിരക്കേറിയ രാജീവ് ചൗക്ക്, പ്രഗതി മൈതാന്‍, ഖാന് മാര്‍ക്കറ്റ് സ്റ്റേഷനുകള്‍ അടക്കമുള്ളവയാണ് അടച്ചത്.
Delhi: Car torched in Daryaganj during protest over #CitizenshipAct pic.twitter.com/2o4tkDXZO6
— ANI (@ANI) December 20, 2019