അടിക്കടി വിയറ്റ്നാമിലേക്ക് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രഹസ്യ സന്ദർശനം നടത്തുന്നുവെന്ന് ബിജെപി. സന്ദർശന വിവരം പരസ്യമാക്കാതെയുള്ള യാത്ര ദേശ സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നാണ് ബിജെപിയുടെ പ്രധാന വിമർശം.
പുതുവത്സരം വിയറ്റ്നാമിൽ ആഘോഷിച്ച രാഹുൽ ഗാന്ധി, ഹോളിയും അവിടെ തന്നെയാണോ ആഘോഷിച്ചതെന്നാണ് ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ ചോദിച്ചത്. 22 ദിവസത്തേക്ക് അദ്ദേഹം വിയറ്റ്നാമിൽ തുടരും എന്നാണ് താൻ അറിഞ്ഞത്. സ്വന്തം മണ്ഡലത്തിൽ പോലും തുടർച്ചയായി ഇത്രയം ദിവസം അദ്ദേഹം ചെലവഴിച്ചിട്ടില്ല’ – ബിജെപി വക്താവ് കുറ്റപ്പെടുത്തി.
വിയറ്റ്നാമിനോട് രാഹുൽ ഗാന്ധിക്ക് അനിതര സാദാരണമായ സ്നേഹം എന്തുകൊണ്ടാണെന്നറിയാൻ കടുത്ത ആകാംക്ഷയുണ്ടെന്നും രവിശങ്കർ പ്രസാദ് പറഞ്ഞിരുന്നു. അതേസമയം രാഹുലിൻ്റെ വിയറ്റ്നാം സന്ദർശനം ദേശസുരക്ഷയ്ക്ക് വെല്ലുവിളിയെന്നാണ് അമിത് മാളവ്യ വിമർശിച്ചത്.
പാർലമെന്റിലെ ബജറ്റ് സമ്മേളനത്തിനിടെയാണ് രാഹുൽ ഗാന്ധിയുടെ ഇപ്പോഴത്തെ വിയറ്റ്നാം യാത്ര. നേരത്തെ മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന മൻമോഹൻ സിങ് മരിച്ചപ്പോൾ ഏഴ് ദിവസത്തെ ദുഃഖാചരണത്തിനിടെ രാഹുൽ ഗാന്ധി വിയറ്റ്നാമിൽ പോയിരുന്നു. ഡിസംബർ 26 ലെ യാത്രയെ നിശിതമായി ബിജെപി വിമർശിച്ചിരുന്നു.
അതേസമയം രാഹുൽ ഗാന്ധിയുടെ വിയറ്റ്നാം സന്ദർശനം അവിടുത്തെ സാമ്പത്തിക മാതൃക പഠിക്കാനെന്നാണ് കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത് വിശദീകരിച്ചത്.