വി.ഡി സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മൂന്നാം ദിവസത്തിലേക്ക് കടന്നിട്ടും വകുപ്പ് വിഭജനത്തിൽ തർക്കം തുടരുന്നു. നാളെ എം.എൽ.എമാരുടെ സത്യപ്രതിജ്ഞക്ക് മുൻപ് വകുപ്പുകളുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാക്കാനുളള ശ്രമത്തിലാണ് മുഖ്യമന്ത്രി. ഇന്ന് ഉച്ചക്ക് മുൻപ് വകുപ്പുകൾ തീരുമാനിച്ച് ഗവർണറെ അറിയിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൻെറ അറിയിപ്പ്. വി.ഡി.സതീശൻ മന്ത്രിസഭയുടെ രണ്ടാമത്തെ മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലും ജനപ്രിയ തീരുമാനങ്ങൾക്ക് സാധ്യതയുണ്ട്. ഇന്ന് പ്രോടേം സ്പീക്കറുടെ സത്യപ്രതിജ്ഞക്ക് വേണ്ടി ലോക് ഭവനിൽ എത്തുന്ന മുഖ്യമന്ത്രി ഗവർണറെ കണ്ടേക്കും.
ലീഗിന് ഫിഷറീസ് നൽകുന്നതിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗവും ലത്തീൻ സഭയും രംഗത്തെത്തി. ഫിഷറീസ് നൽകിയാലേ ഉന്നത വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസിന് കൈമാറൂ എന്നാണ് ലീഗ് നിലപാട്. വകുപ്പ് വിഭജനം നീളുന്നതിനിടെ മന്ത്രിമാരായ കെ മുരളീധരനും സി പി ജോണും തിരുവനന്തപുരം വെള്ളയമ്പലത്തെ ലത്തീൻ അതിരൂപതാ ആസ്ഥാനത്തെത്തി സന്ദര്‍ശനം നടത്തി. ഫിഷറീസ് വകുപ്പിൽ നിലപാട് ആവർത്തിക്കുകയാണ് ലത്തീന്‍ സഭ. കടലിനെ അറിയുന്ന ആൾ തന്നെ ഫിഷറീസ് മന്ത്രിയായി വേണമെന്ന നിലപാട് മന്ത്രിമാരെ അറിയിച്ചതായി ഫാദർ യൂജിൻ പെരേര പ്രതികരിച്ചു. ബിഷപ്പ് ഹൗസിലെ സ്ഥിരം സന്ദർശകൻ ആണെന്നും വിജ്ഞാപനം വൈകില്ലെന്നും ആയിരുന്നു കെ മുരളീധരന്റെ പ്രതികരണം.കെ സി പക്ഷമായ അനിൽ കുമാറിന് വൈദ്യുതിക്കൊപ്പം ദേവസ്വം വകുപ്പ് നല്‍കുന്നതിലും ചര്‍ച്ച നടക്കുന്നുണ്ട്.


