പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള തീരുമാനം പൊളിറ്റ് ബ്യൂറോയിലെ എതിര്‍പ്പ് മറികടന്ന്. പൊളിറ്റ് ബ്യൂറോയിലെ അഞ്ച് അംഗങ്ങള്‍ തീരുമാനത്തെ എതിര്‍ത്തു. കഴിഞ്ഞ ആഴ്ച ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പ്രതിപക്ഷ നേതൃസ്ഥാനമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു. അത് ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിരുന്നതുമാണ്. ഈ യോഗത്തില്‍ പിണറായി വിജയന് തന്റെ നിലപാട് അറിയിച്ചിരുന്നില്ല. തുടര്‍ന്ന് പ്രതിപക്ഷ നേതൃസ്ഥാനം ചര്‍ച്ചയായില്ലെന്ന് ജനറല്‍ സെക്രട്ടറി എം എ ബേബി തന്നെ അറിയിക്കുകയും ചെയ്തു. പിന്നീട് സംസ്ഥാന സെക്രട്ടറിയേറ്റ് പിണറായി വിജയന്റെ പേര് മുന്നോട്ട് വെക്കുകയും അത് സംസ്ഥാന സമിതി യോഗത്തില്‍ ചര്‍ച്ചയാവുകയും ചെയ്ത ഘട്ടത്തിലാണ് വീണ്ടും ഓണ്‍ലൈനില്‍ പൊളിറ്റ് ബ്യൂറോ യോഗം ചേര്‍ന്ന് ഇക്കാര്യം ചര്‍ച്ച ചെയ്തത്. അപ്പോഴാണ് വിഷയത്തില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നത്.
പൊളിറ്റ് ബ്യൂറോയിലെ ചുരുങ്ങിയത് അഞ്ച് അംഗങ്ങളെങ്കിലും എതിര്‍പ്പ് ഉന്നയിച്ചു എന്നുള്ളതാണ് വിവരം. എതിര്‍ത്തവരില്‍ പാര്‍ട്ടി സെന്ററിലും ബംഗാളില്‍ നിന്നുള്ള അംഗങ്ങളും ഉള്‍പ്പെടുന്നു.
അതേസമയം, തിരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഐഎം ജില്ലാ നേതൃയോഗങ്ങളില്‍ പിണറായി വിജയനും എം വി ഗോവിന്ദനും അതിരൂക്ഷവിമര്‍ശനം. പിണറായിയെ പ്രതിപക്ഷനേതാവാക്കിയത് നൂറ്റാണ്ടിലെ മണ്ടത്തരമെന്നും എം വി ഗോവിന്ദന്റെ ഓരോ പ്രതികരണത്തിലും ജനങ്ങള്‍ പാര്‍ട്ടിക്കെതിരെയാകുന്നെന്നും വിമര്‍ശനമുയര്‍ന്നു. ആഗോള അയ്യപ്പ സംഗമം അബദ്ധമായെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ അംഗങ്ങള്‍ കുറ്റപ്പെടുത്തി.


