ദില്ലി: മുന്നോക്ക സാമ്പത്തിക സംവരണം ഉറപ്പാക്കിയ എന്‍ഡിഎ സര്‍ക്കാറിന്റെ നീക്കത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി. സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി വിധിക്ക് എതിരെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. യൂത്ത് ഫോര്‍ ഇക്വാലിറ്റിയാണ് ഹര്‍ജി നല്‍കിയത്.
സാമ്പത്തികം മാത്രമല്ല സവരണത്തിന്റെ മാനദണ്ഡമെന്നും ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടാണ് എന്‍ഡിഎ സര്‍ക്കാര്‍ മൂന്ന് ദിവസം കൊണ്ട് സംവരണ ബില്ല് പാസാക്കിയെടുത്തത്. ലോക്സഭയില്‍ ബില്ലിനെതിരെ അണ്ണാ ഡിഎംകെ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. ഈ ബില്ല് നിയമമായാല്‍ സുപ്രീംകോടതി റദ്ദാക്കുമെന്നായിരുന്നു അണ്ണാ ഡിഎംകെ നേതാവ് തമ്പി ദുരൈ ലോക്സഭയില്‍ പറഞ്ഞത്. തൃണമൂല്‍ കോണ്‍ഗ്രസും ശിവസേനയും ബിജു ജനതാദളും സമാജ് വാദി പാര്‍ട്ടിയും സാമ്പത്തിക സംവരണ ബില്ലിനെ പിന്തുണയ്ക്കുകയായിരുന്നു. ബില്ലിന് അനുകൂലമായി സിപിഎമ്മും വോട്ട് ചെയ്തിരുന്നു. നേരത്തെ ലോക്സഭയില്‍ പാസാക്കിയ ബില്ല് 165 പേരുടെ പിന്തുണയോടെയാണ് രാജ്യസഭയില്‍ പാസാക്കിയത്. മുസ്ലിം ലീഗ്, ആം ആദ്മി, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നായി ഏഴ് പേരാണ് രാജ്യസഭയില്‍ ബില്ലിനെ എതിര്‍ത്തു വോട്ട് ചെയ്തത്. അണ്ണാ ഡിഎംകെ അംഗങ്ങള്‍ സഭ ബഹിഷ്കരിക്കുകയായിരുന്നു.

