ധാക്ക: ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലെ ഫാക്ടറിയില്‍ വന്‍തീപ്പിടിത്തം. ചുരുങ്ങിയത് 52 പേരോളം വെന്തുമരിച്ചതായും 50 ഓളം പേര്‍ക്ക് പരുക്കേറ്റതായും അധികൃതര്‍ അറിയിച്ചു. ശീതള പാനീയ കമ്പനി പ്രവര്‍ത്തിക്കുന്ന ആറ് നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിര്‍മ്മാണ യൂണിറ്റിലെ തീ ഇപ്പോഴും അണക്കാനായിട്ടില്ല. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. നരിയാഗഞ്ചിലെ രൂപ്ഗഞ്ചില്‍ പ്രവര്‍ത്തിക്കുന്ന ഹഷീം ഫുഡ് ലിമിറ്റഡിൻ്റെ ഷെസാന്‍ ജ്യൂസ് ഫാക്ടറിലാണ് വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് തീപിടുത്തമുണ്ടായത്. താഴ്നിലയിലുണ്ടായ തീപിടുത്തം മറ്റു നിലകളിലേക്ക് വേഗത്തില്‍ പടരുകയായിരുന്നു. കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന കെമിക്കലുകളും പ്ലാസ്റ്റിക് കുപ്പികളുമാണ് തീ ആളിക്കത്താന്‍ കാരണമായത്.
രക്ഷപ്പെടാന്‍ പലരും കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി. നിരവധി പേരെ കാണാതായിട്ടുണ്ട്. 44 പേരുടെ വിവരങ്ങള്‍ ലഭിച്ചതായി രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. അപകട സമയത്ത് ഫാക്ടറിയുടെ പ്രധാന ഗേറ്റും പുറത്തേക്കുള്ള ഗേറ്റും അടച്ചുപൂട്ടിയ നിലയിലായിരുന്നുവെന്നും കെട്ടിടത്തില്‍ മതിയായ അഗ്നിസുരക്ഷാ സംവിധാനമില്ലെന്നും ജീവനക്കാരുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. 18 അഗ്നിശമന യൂണിറ്റുകള്‍ ചേര്‍ന്നാണ് തീ അനക്കാൻ ശ്രമം നടത്തുന്നത്.


