ഇംഫാൽ: മണിപ്പൂരിൽ പലയിടത്തും സംഘർഷാവസ്ഥ തുടരുന്നു. സംഘർഷത്തെ തുടർന്നുണ്ടായ വെടിവെപ്പിൽ ഏഴ് പേർക്ക് പരിക്കേറ്റു. സൈനികന്റെ അമ്മയടക്കം നാല് പേരെ കലാപകാരികൾ തട്ടിക്കൊണ്ടുപോയിരുന്നു. ഈ സാഹചര്യത്തിലാണ് സംഘർഷമുണ്ടായത്. തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താൻ അടിയന്തര നടപടി വേണമെന്ന് കരസേന ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം മണിപ്പൂരിലെ ഇംഫാലിൽ വീണ്ടും ആയുധം കൊളളയടിക്കാൻ ശ്രമം നടന്നിരുന്നു. രാജ്ഭവന് സമീപമുള്ള ഐആർബി ക്യാംപിലേക്ക് ആൾക്കൂട്ടം ഇരച്ചു കയറി. ജനക്കൂട്ടത്തിന് നേർക്കുണ്ടായ പൊലീസ് വെടിവെപ്പിൽ 3 പേർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ഇംഫാലിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തി. ക്യാംങ്പോപി ജില്ലയിലാണ് കുക്കിസംഘടന 48 മണിക്കൂർ ബന്ദ് നടത്തിയത്.

