ഇംഫാൽ :മണിപ്പൂരിലെ കാങ്ചുപ്പ് പ്രദേശത്ത് നിന്ന് രണ്ട് അജ്ഞാതരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി സംസ്ഥാന പോലീസ് അറിയിച്ചു. ഒരു പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെടുത്തത്. കഴിഞ്ഞ ദിവസം കാങ്ചുപ്പ് പ്രദേശത്ത് നിന്ന് കാണാതായ നാലംഗ സംഘത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങളാകാമിതെന്ന് സംശയിക്കുന്നതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇംഫാൽ വെസ്റ്റിലെ ലംസാംഗ് പോലീസ് സ്റ്റേഷന്റെ കീഴിലുള്ള ടൈറൻപോക്പിക്കും ആറ്റം ഖുമാനിനും ഇടയിലുള്ള സമീപപ്രദേശത്ത് തലയിൽ വെടിയേറ്റ നിലയിലായിരുന്നു സ്ത്രീയുടെ മൃതദേഹം.
മൃതദേഹങ്ങൾ റിംസ് മോർച്ചറിയിലേക്ക് മാറ്റി. മറ്റൊരു സംഭവത്തിൽ, ഇന്നലെ ഇംഫാൽ ഈസ്റ്റിലെ തഖോക്ക് മാപ്ല മഖാ പുരുക്സൗബി ലൗക്കോൺ പള്ളിയിൽ നിന്ന് അജ്ഞാതമായ ഒരു മൃതദേഹം ഇരിബുംഗ് പോലീസ് കണ്ടെടുത്തിരുന്നു. കണ്ടെത്തിയ പുരുഷന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജെഎൻഐഎംഎസ് മോർച്ചറിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനായി എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

