മണിപ്പൂർ : ക്രമസമാധാന പ്രശ്നവും അക്രമ സാധ്യതയും ചൂണ്ടിക്കാട്ടി മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം വീണ്ടും നീട്ടി സർക്കാർ. പുതിയ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം അഞ്ച് ദിവസത്തേക്ക് കൂടി നീട്ടിയതായി സംസ്ഥാന പോലീസ് ഉത്തരവിറക്കി. ഒക്ടോബർ 26 വരെയാണ് നിരോധനം. നിയന്ത്രണങ്ങൾ ഉടൻ നീക്കുമെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പൊതുജനങ്ങൾക്ക് ഉറപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണിത് .
പൊതുജനങ്ങളെ പ്രകോപിപ്പിക്കുന്ന ചിത്രങ്ങൾ, വിദ്വേഷ പ്രസംഗങ്ങൾ, വീഡിയോ സന്ദേശങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നതിന് ചില സാമൂഹിക വിരുദ്ധർ സോഷ്യൽ മീഡിയ വ്യാപകമായി ഉപയോഗിക്കുമെന്ന ആശങ്കയിലാണ് ഇന്റർനെറ്റ് നിരോധനം നീട്ടിയതെന്ന് സംസ്ഥാന പോലീസ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

