കൊവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഘട്ടംഘട്ടമായി ഇളവുകള്‍ അനുവദിച്ചതിന്റെ ഭാഗമായി തിങ്കളാഴ്ച മുതല്‍ ദില്ലി സര്‍ക്കാര്‍ ബാറുകള്‍ തുറക്കാന്‍ അനുവദിക്കുകയും റെസ്റ്റോറന്റുകളുടെ സമയം രണ്ട് മണിക്കൂര്‍ നീട്ടുകയും ചെയ്തു. പൊതു പാര്‍ക്കുകള്‍, പൂന്തോട്ടങ്ങള്‍, ഗോള്‍ഫ് ക്ലബ്ബുകള്‍, തുറന്ന സ്ഥലത്ത യോഗ കേന്ദ്രങ്ങള്‍ എന്നിവയും നാളെ മുതല്‍ തുറക്കാന്‍ അനുവദിച്ചിട്ടുണ്ട്.
ബാറുകളിലെ സീറ്റിംഗ് ക്യാപസിറ്റിയുടെ 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് ഉച്ചക്ക് 12 മുതല്‍ രാത്രി 10 വരെ തുറക്കാം. ഭക്ഷണശാലകള്‍ ജൂണ്‍ 14 മുതല്‍ തുറക്കാന്‍ അനുവദിച്ചിരുന്നു. ഇവ രാവിലെ എട്ടു മുതല്‍ രാത്രി 10 വരെ 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാം.
എന്നാല്‍, സ്കൂള്‍, കോളജ്, ഓഡിറ്റോറിയം, മറ്റു ഹാളുകള്‍, സിനിമ തിയറ്റര്‍, ജിം, സ്പാ, സ്വിമ്മിങ് പൂള് എന്നിവ ഒരാഴ്ച കൂടി അടച്ചിടും. ആരാധനാലയങ്ങളിലും വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.
വിവാഹ സംസ്കാര ചടങ്ങുകള്‍ക്ക് പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം. ദ്രുതഗതിയിലുള്ള അണ്‍ലോക്കിന്റെ അപകടസാധ്യതകളെക്കുറിച്ച് ഡോക്ടര്‍മാരുടെയും പൊതുജനാരോഗ്യ വിദഗ്ധരുടെയും മുന്നറിയിപ്പുകള്‍ നിലനില്‍ക്കെയാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്.


